2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

വർണ്ണമഴ


ഒരുനാൾ എന്റെ സ്വപ്നത്തിൽ
ദൈവദൂതൻ(?) പ്രത്യക്ഷപ്പെട്ടു
വരണ്ടുണങ്ങിയ എന്റെ ഗ്രാമത്തിൽ
മഴ പെയ്യിക്കാമെന്ന്‌ വാഗ്ദത്തം ചെയ്തു
പച്ചയും, ചുകപ്പും, വെള്ളയും
കാവിയും, മഞ്ഞയും ഇങ്ങനെ
പലവർണ്ണത്തിൽ മഴകളുണ്ടെന്നും
ഹിതമായത്‌ സ്വീകരിക്കാമെന്നും
അന്നദ്ദേഹം പറഞ്ഞു
പച്ച പണ്ടേയ്ക്കു പണ്ടേയെനിക്കിഷ്ടം
പച്ചയ്ക്കുവേണ്ടി ഞാൻ ശഠിച്ചു.
ചുകപ്പിനുവേണ്ടി സോദരനും,
മഞ്ഞയ്ക്കുവേണ്ടി അച്ഛനും,
കാവിക്കു വേണ്ടി അമ്മയും,
വെള്ളയ്ക്കുവേണ്ടി കൂട്ടുകാരനും
വാശിപിടിച്ചപ്പോൾ
ദൈവദൂതൻ(?) ചിരിക്കുകയായിരുന്നു
പ്രശ്നം ദൈവത്തിനുമുന്നിൽ
അവതരിപ്പിക്കപ്പെട്ടു.
അവരവർക്ക്‌ ഇഷ്ടമുള്ളത്‌ സ്വീകരിച്ചുകൊള്ളുവാൻ
ദൈവവിധിയും വന്നു.
ഓരോവർണ്ണത്തിനു പിന്നിലും
ആയിരങ്ങൾ അണിനിരന്നു
മഴവെള്ളം സ്വീകരിക്കാൻ
പാത്രങ്ങളും ജലാശയങ്ങളും
തികയാതെ വന്നപ്പോൾ
അപരന്റെ സ്ഥലങ്ങൾ കൈയ്യേറ്റം ചെയ്യപ്പെട്ടു
ഗ്രാമങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്ക്‌
നഗരങ്ങളിൽനിന്ന്‌ നഗരങ്ങളിലേക്ക്‌
ആഗോളതലത്തിൽത്തന്നെ
പ്രശ്നം ഭീകരമായി
ഞാനും എന്റെ കൂട്ടുകാരും നാടിനെ പച്ചയിലാഴ്ത്താൻ
ജലാശയങ്ങളിൽ പായൽ നിറച്ചു
നാടിനെ വെള്ളപുതപ്പിക്കാൻ
വെള്ളക്കാർ കുമ്മായം കലക്കി,
മണ്ണു മാന്തിക്കലക്കി കാവിക്കാരും,
രുധിരാബ്ധിയിലാഴ്ത്തി ചുകപ്പുകാരും,
മഞ്ഞപൂശി മഞ്ഞക്കാരും
മത്സരിച്ചുകൊണ്ടേയിരുന്നപ്പോൾ
നാടും, നഗരവും, മനുഷ്യരും
മൃഗങ്ങളും ഇല്ലാതായി.
എന്റെ നാടും നഗരവും മനുഷ്യരും
പലവർണ്ണമഴയിൽ മുങ്ങിത്താഴ്‌ന്നപ്പോൾ,
ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.
ഇത്തവണ ഞാൻ സ്വപ്നമൊന്നും കണ്ടില്ല
പിന്നെ ഒരിക്കലും ഉണർന്നതുമില്ല
ദൈവദൂതൻ(?) വീണ്ടും ചിരിച്ചുവോ?

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഇന്റർവ്യു
രാവിലെ 'മാതൃഭൂമി'യിലൂടെ കണ്ണോടിച്ചപ്പോഴാണ്‌ ആ വാർത്ത കണ്ണിൽപ്പെട്ടത്‌.
------ഗവൺമന്റ്‌ യു.പി.സ്കൂളിൽ ഒരു ഇന്റർവ്യു.   അതും....നാളെ.  ബി..എഡ്‌.കഴിഞ്ഞതിന്റെ ഉത്സാഹമോ എന്തോ, പോകണമെന്നു തോന്നി. കിട്ടിയാൽ ആയല്ലോ !
പിറ്റേന്നാൾ രാവിലെ പുറപ്പെട്ടു. നിശ്ചയമില്ലാത്ത സ്ഥലമായതുകൊണ്ടും, ആദ്യത്തെ ഇന്റർവ്യു ആയതുകൊണ്ടും പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ മുൻപേ ഞാൻ ഹാജർ. എന്നേക്കൂടാതെ പന്ത്രണ്ടോളം പേരുണ്ടായിരുന്നു ഇന്റർവ്യുവിന്‌. പലരും പരിചയക്കാർ. ചിലർ അപരിചിതർ. അനുഭവങ്ങൾ ഉള്ള ആൾക്കാരോട്‌` ഞാൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ചിലപ്പോൾ ചോദ്യങ്ങൾ ചോദിച്ചേക്കാം. അവർ പറഞ്ഞു. ചോദിച്ചാലും ഇല്ലെങ്കിലും എനിക്കതു പ്രശ്നമേ അല്ലായിരുന്നു. കാരണം, എനിക്കെന്നിൽതന്നെയുള്ള വിശ്വാസമായിരുന്നു.
അകത്തു നിന്നു വന്ന ഒരാൾ എല്ലാവരിൽനിന്നും ബയോ-ഡാറ്റ ശേഖരിച്ചു. എന്റേത്‌ ഏറ്റവും ഒടുവിലായിരുന്നു. എന്റെ ഊഴവുംകാത്ത്‌ ക്യൂവിലിരിക്കവെ....പരിചയമുള്ള ഒരു ചേച്ചി സ്വകാര്യമായി പറഞ്ഞു. "ഒക്കെ വെറുതെയാ.. ഇവിടെ നേരത്തേ തന്നെ ഒരാളെ നിയമിച്ചുകഴിഞ്ഞു. ഒരു ഫ്രന്റ്‌ ഇപ്പൊ വിളിച്ചു പറഞ്ഞതാ."
ചേച്ചിയുടെ സംസാരം എന്നെ തെല്ലൊന്ന്‌ അമ്പരപ്പെടുത്തി. "അതെങ്ങിനെ ? കൂടിക്കാഴ്ച കഴിഞ്ഞിട്ടില്ലല്ലോ ?"
എന്റെ ആ ചോദ്യത്തിനുത്തരം ചേച്ചിയുടെ ചിരിയായിരുന്നു.
"നിനക്കെന്തറിയാം, പലസ്ഥലത്തുനിന്നും കരഞ്ഞുകൊണ്ട്‌ ഞാൻ ഇറങ്ങിപ്പോന്നിട്ടുണ്ട്‌"
"എങ്കിൽപ്പിന്നെ എന്തിനീ ഇന്റർവ്യൂ ?"
ഞാൻ തെല്ലുറക്കെ ചോദിച്ചുപോയി.
"ഇതോ, ഇതൊരു പ്രഹസനം, ഏതായാലും വന്നില്ലേ. അറ്റന്റ്‌ ചെയ്തിട്ടു പോകാം"
അവർ പറഞ്ഞത്‌ പൂർണ്ണമായും വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല. വിശ്വസിക്കാതിരിക്കാനും.
നുരഞ്ഞു പൊങ്ങുന്ന അമർഷം ഉള്ളിലടക്കി ഞാൻ എന്റെ ഊഴത്തിനായ്‌ കാത്തു നിന്നു. അവർ പറഞ്ഞതുപോലെ ഒരു വ്യക്തിയെ മാറ്റി നിർത്തി എന്നെ ഉള്ളിലേക്ക്‌ വിളിപ്പിച്ചു. സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിച്ചശേഷം. കണ്ടാൽ മാന്യമെന്നു തോന്നുന്ന ഒരു പുഞ്ചിരി നൽകിക്കൊണ്ട്‌ അതിലൊരാൾ ചോദിച്ചു.
"പാർട്ട്‌ ടൈം എന്നാണ്‌ ഉള്ളതെങ്കിലും, സംഗതി ഫുൾടൈം ആണ്‌. പാർട്ട്‌ടൈമിന്റെ വേതനത്തിന്‌ ഫുൾടൈം വരുവാൻ സാധിക്കുമോ....?"
എന്ത്‌ മാന്യമായ ചോദ്യം ! ? അസത്യവും, അനീതിയും താടിവച്ച്‌ ആ അദ്ധ്യാപകന്റെ രൂപത്തിൽ, മുന്നിൽ നിന്നാ ചോദ്യം ചോദിച്ചപ്പോൾ, ഷൗട്ട്‌ ചെയ്ത്‌ ഇറങ്ങിപ്പോരാനാണ്‌ ആദ്യം തോന്നിയത്‌. പക്ഷെ, പിന്നീട്‌ എന്നോട്‌തന്നെ പുഛവും സഹതാപവും തോന്നി.
"പറ്റില്ല സർ......"
എന്നു മാത്രം പറഞ്ഞ്‌ ഞാൻ എഴുന്നേറ്റു പുറത്തിറങ്ങി. കാരണം കുറച്ചു സമയംകൂടി ഞാനവിടെ നിന്നിരുന്നെങ്കിൽ ആ നാടകത്തിന്റെ ക്ലൈമാക്സ്‌ മറ്റൊന്നായേനെ......
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന്‌ എനിക്കു തോന്നുന്നില്ല. എന്നെപ്പോലുള്ള അനേകായിരം, ഉദ്യോഗാർത്ഥികൾ ഇവരെപ്പോലുള്ളവരെ വിശ്വസിച്ച്‌ ഇത്തരം നാടകങ്ങൾക്കുമുന്നിൽ തളർന്ന മനസ്സുമായി മടങ്ങേണ്ടിവന്നിട്ടുണ്ടാകണം.
ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരുതരം വഞ്ചനയാണ്‌. ഇത്തരം നാടകങ്ങളിലൂടെ പത്രങ്ങളേയും, ജനങ്ങളേയും, സർക്കാറിനേയും ഇവർ എത്രയോതവണ പറ്റിച്ചിരിക്കുന്നു.?
ശുപാർശ്ശയും, കൈക്കൂലിയും എല്ലാമേഖലകളേയും കാർന്നുതിന്നുകൊണ്ടിരിക്കുന്നത്‌ കണ്മുന്നിൽ കാണുമ്പോഴും പ്രതികരിക്കാൻ പറ്റാതിരിക്കുക എന്തൊരു നിസ്സഹായകമായ അവസ്ഥയാണത്‌. ഇനി അഥവാ ആരെങ്കിലും തുനിഞ്ഞാൽതന്നെ അവനെ ഒറ്റപ്പെടുത്താനല്ലേ സമൂഹം കൂടുതലും ശ്രമിക്കുക....?

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പെണ്ണ്‌ചിരിക്കാതിരുന്നാൽ
അഹങ്കാരി
ചിരിച്ചാൽ
ശൃംഗാരി
മിണ്ടാതിരുന്നാൽ
ഗമക്കാരി
മിണ്ടിയാൽ
അധികപ്രസംഗി

നീ മാത്രം
ഇരുളടഞ്ഞ എന്റെ
ജീവിത വഴിത്താരയിൽ
മാർഗ്ഗദീപവുമായി കടന്നുവന്നവൻ... നീ
എന്റെ ഓരോ സമസ്യയ്ക്കും
ഞാൻ കണ്ടെത്താറുള്ള ഉത്തരവും,
എന്റെ ദു:ഖസാഗരത്തിലെ
ചെറുതോണിയും,
എന്റെ സന്തോഷങ്ങളുടെ
ആദ്യാന്തവും... നീ
നിന്റെ മുഖഭാവങ്ങൾ
മാറിമറിയുമ്പോൾ
പിടയാറുള്ളത്‌ പാവം
എന്റെ ഹൃദയമായിരുന്നു
നിന്റെ ഓരോ ചലനങ്ങളും
ഇന്നെനിക്ക്‌ സുപരിചിതമാണ്‌
നിന്റെ പുഞ്ചിരി ഒന്നുമതി
എനിക്കെന്റെ ജീവനർത്ഥപൂർത്തിയേകാൻ
നീ മാത്രം മതി.... എനിക്കു ജീവിക്കുവാൻ

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

ഭ്രാന്ത്‌


ഭ്രാന്ത്‌ അറുപത്തിനാല്‌ തരമെന്ന്‌
മുത്തശ്ശന്റെ തത്വബോധം.....
അമ്മയെത്തല്ലുന്ന അഛന്‌ മദ്യഭ്രാന്ത്‌,
പിറുപിറുക്കുന്ന അമ്മയ്ക്ക്‌ പ്രാക്കൽഭ്രാന്ത്‌,
പെണ്ണുകെട്ടാത്ത ചേട്ടന്‌ കാമഭ്രാന്ത്‌,
ചെത്തി നടക്കുന്ന അനിയന്‌ ഫാഷൻഭ്രാന്ത്‌,
ഒളിച്ചുപോയ അനിയത്തിക്ക്‌ പ്രണയഭ്രാന്ത്‌,
തള്ളിപ്പറഞ്ഞ കാമുകിക്ക്‌ പണഭ്രാന്ത്‌,
കൂട്ടത്തിൽ ഭ്രാന്തില്ലാത്തവൻ ഞാൻ മാത്രം.
കാൽച്ചങ്ങലയ്ക്കരികിലെ വ്രണം
പൊട്ടിയൊഴുകിയ വേദനയിലും ഞാൻ ചിരിച്ചു
ഭ്രാന്തില്ലാത്ത ചിരി...., ഭ്രാന്തന്റേതല്ലാത്ത ചിരി.....

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

എന്റെ കണ്ണന്‌


പുലർകാല പൂജയ്ക്ക്‌ നട തുറന്നു
പുലർ മഞ്ഞിലേക ഞാൻ തൊഴുതുനിന്നു
ആലിലക്കണ്ണനു നൽകാൻ കയ്യിൽ
പിച്ചകപ്പൂമാലയൊന്നു മാത്രം
നന്ദകിശോരനെ വാഴ്ത്തീടുവാൻ
പണ്ടു പഠിച്ച പഴയ ഗാനം
തിരുമുന്നിൽ നേദിക്കാനെന്റെ കയ്യിൽ
തോരാത്ത കണ്ണുനീർത്തുള്ളിമാത്രം
ഒന്നുമില്ലെൻകയ്യിലെന്റെ കണ്ണാ!
വന്നു ഞാൻ ഭക്തവിവശയായി
അരികിലായ്‌ പാവം ഞാൻ വന്നു നിന്നൂ
കൈകൂപ്പിയല്ലോ കരഞ്ഞു നിന്നൂ
നീയെന്ന സത്യമറിഞ്ഞു നിന്നൂ
നിൻ മായയെല്ലാം സ്മരിച്ചു നിന്നൂ
തൊഴുതു മടങ്ങാൻ തുനിഞ്ഞീടവെ
നിൻ വേണുഗാനമെൻ കാതിലെത്തി
ഒന്നു തിരിഞ്ഞു ഞാൻ നോക്കി പിന്നെ
കർണ്ണപീയൂഷം നുകർന്നുനിന്നു
കോരിത്തരിച്ചു ഞാനൽപ്പനേരം
നിൻ രാധയായി മറഞ്ഞുനിന്നു
നിൻ മായയെല്ലാം സ്മരിച്ചു നിന്നൂ
നിൻ പുഞ്ചിരിയിൽ ലയിച്ചു നിന്നൂ

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

കാത്തിരിപ്പ്‌അമ്പലനടയിൽ ബസ്സിറങ്ങവേ, ഉടുമുണ്ട്‌ തട്ടി അയാളൊന്ന്‌ വീഴാനാഞ്ഞു. ഒന്നു പരിഭ്രമിച്ചെങ്കിലും, മുഷിഞ്ഞ വെള്ളമുണ്ട്‌ മുറുക്കിയുടുത്ത്‌, തോളിലെ തുണിസ്സഞ്ചി നെഞ്ചോട്‌ ചേർത്ത്‌ നടക്കുന്നതിനിടയിൽ ചുറ്റുമൊന്ന്‌ കണ്ണോടിച്ചു.
ആൾക്കൂട്ടത്തിലെങ്ങാനും അവൾ.....? ഉണ്ടെങ്കിൽത്തന്നെ ഈ തിരക്കിനിടയിൽ എങ്ങനെയാ ഒന്ന്‌ കണ്ടെത്തുക...? ഏതായാലും ഇത്തവണ അവൾക്കു തന്നെ പറ്റിക്കാൻ കഴിയില്ല. തീർച്ച.
എവിടെ ഒളിച്ചിരുന്നാലും താൻ കണ്ടു പിടിക്കും. ഇനിയവൾ വരാതിരിക്കുമോ...? ഹേയ്‌.. ഇല്ല. തന്റെ ദേവൂട്ടിക്ക്‌ ഇന്നത്തെ ദിവസം ഇവിടെ വരാതിരിക്കാൻ പറ്റില്ല. കാരണം ഇന്ന്‌ അവളുടെ പ്രിയപ്പെട്ട ഉണ്ണ്യേട്ടന്റെ പിറന്നാളല്ലേ..? അതിലുപരി അവളുടെ മംഗല്യ ഭാഗ്യത്തിന്‌ ഇന്ന്‌ പത്തുവയസ്സ്‌ തികയുകയല്ലേ. അപ്പോ അവളു വരാതിരിക്കുമോ..? അവളുടെ ദീർഘസൗമംഗല്യത്തിന്‌ കാവൽ നിൽക്കുന്ന, വിളിച്ചാൽ വിളിപ്പുറത്തുള്ള അവളുടെ കാവിലമ്മയെ കാണാൻ...? ഒരുപക്ഷെ അവൾ നേരത്തേ എത്തി തന്നെക്കാത്ത്‌ മുഷിഞ്ഞ്‌ അന്നത്തെപ്പോലെ തൊഴാൻ കയറിക്കാണുമോ...? ഏതായാലും അമ്പലത്തിനകത്തു നോക്കാം.
അമ്പലക്കുളത്തിൽ മുങ്ങി അയാൾ ഈറനോടെ ശ്രീകോവിലിനു നേർക്കു നടന്നു. ശ്രീലകത്തെ ദേവിയോട്‌ പരിഭവം പറഞ്ഞിട്ടേയുള്ളു ഉപദേവതമാരുടെ നടയിലേക്ക്‌... കണ്ണടച്ച്‌ ഇഷ്ടദേവതാധ്യാനം ചെയ്ത്‌ ശ്ലോകാഭിഷേകവും നടത്തി പ്രസാദം വാങ്ങുവാനായി തിരിഞ്ഞപ്പോൾ ശാന്തിക്കാരൻ നമ്പൂതിരി ഒന്ന്‌ ചിരിച്ചു. പിന്നെ ഒരു നീണ്ട നെടുവീർപ്പുതിർത്തു.
ആ ചിരിക്ക്‌ ഒരു സഹതാപത്തിന്റെയോ, സങ്കടത്തിന്റെയോ ലാഞ്ഛനയുണ്ടോ...? ഹേയ്‌.. തോന്നിയതാകാം...!
ഒരു പുഞ്ചിരി പകരം നൽകി അയാൾ തെക്കെ നടയിലേക്ക്‌ നടന്നകലുമ്പോൾ പിറകിലെ കൽമണ്ഡപത്തിലിരുന്ന്‌ ഷാരസ്യാർ തൊഴാൻ വന്ന സ്ത്രീയോട്‌ അടക്കിപ്പിടിച്ച്‌ സംസാരിച്ചതു അയാൾ വ്യക്തമായിത്തന്നെ കേട്ടു.
"പാവം! അക്കരെ വടക്കേടത്തെ വല്യമ്പ്രാന്റെ ഇളയമകനാ, ഉണ്ണിത്തമ്പുരാൻ. ഭാര്യ മരിച്ചിട്ടിപ്പോ നാല്‌ വർഷായി. അതിപ്പിന്നെ ഇങ്ങനെയാ.... നാടുമുഴോനും, അമ്പലങ്ങളായ അമ്പലങ്ങളില്‌ ദേശാടനാ... എന്താ പറയ്യാ...ഓരോർത്തരുടെ ഓരോ യോഗംന്നല്ലാണ്ട്യേയ്യ്‌... ന്ത്‌ണ്ടായിട്ടെന്താ, തലയ്ക്ക്‌ സ്ഥിരല്ല്യാച്ചാ, ന്താ കഥ...?"

ഭ്രാന്തോ..? തനിക്കോ...? അയാൾ മെല്ലെ നിന്നു. പിന്നെ നടക്കാൻതുടങ്ങി.
"കേട്ടില്ലേ, നീ കാവിലമ്മേ...ന്റെ ദേവു മരിച്ചൂന്ന്‌. ആർക്കാ ഇപ്പോ തലയ്ക്ക്‌ സ്ഥിരല്ല്യാത്തേ..? അവള്‌ എന്നോട്‌ പിണങ്ങിപ്പോയതല്ലേ? അവൾക്കല്ലേലും ഇത്തിരി മുൻശുണ്ഠി കൂടുതലാന്ന്‌ നിനക്കറിഞ്ഞുകൂടേ? അവള്‌ അന്ന്‌ ഇതുപോലൊരുദിവസം നിന്നെക്കാണാൻ ഇറങ്ങിയതാ. തേവാരം കഴിച്ച്‌ ഞാനിറങ്ങിയപ്പോഴേക്കും ഇത്തിരിയൊന്ന്‌ വൈകി...ഒന്നും രണ്ടും പറഞ്ഞ്‌ അതിന്റെ പേരില്‌ വഴക്കായി. ദേഷ്യം കലശലായപ്പോ ഞാനവളെത്തല്ലീന്നുള്ളത്‌ നേരാ.., എന്നുവെച്ച്‌ ഇറങ്ങിപ്പോവ്വാ വേണ്ടീത്‌..? അതും തുണയിലാതെ..? സ്നേഹം കൂടീട്ടാന്ന്‌വച്ച്‌ ക്ഷമിക്കായിരുന്നില്ലേ അവൾക്ക്‌..? ഒക്കെ കഴിഞ്ഞിട്ട്‌ ഒടുക്കംന്തായി? അവളുതന്നെ തോറ്റില്ലേ..?വൈകുന്നേരാവും മുൻപേ തിരിച്ചുവന്നില്ലേ..?
ഒരു വ്യത്യാസുണ്ടായിരുന്നു. പോകുമ്പോ മഞ്ഞ സാരിയുടുത്ത്‌ പോയവള്‌ വെള്ളയുടുത്താ തിരിച്ചുവന്നേ.. അത്‌എങ്ങനയാന്ന്‌ ചോദിച്ചിട്ട്‌ അവളൊട്ട്‌ പറഞ്ഞതുമില്ല. എല്ലാരേം പറ്റിക്കാൻ ഉമ്മറത്ത്‌ കണ്ണടച്ച്‌ കിടക്കേം ചെയ്തു. റോഡീന്ന്‌ വണ്ടി തട്ടിയതാന്നാ എല്ലാരും പറയണെ... അവർക്കറിയില്ലാലോ അവളവരെ പറ്റിക്കയാണെന്ന്‌. എനിക്കറിയാം അവളെന്നോട്‌` പിണങ്ങിയിരിപ്പാണെന്ന്‌. അവളു വരും...അവളേംകൊണ്ടേ ഞാനിനിതിരിച്ച്‌ പോകൂ. അവളെക്കാണുമ്പോ തല്ലിയതിന്‌ മാപ്പ്‌ പറയണം. ഇനിയവളെ തനിച്ചു വിടില്ല ഞാൻ. ഇനിയൊരു യാത്രയുണ്ടെങ്കിലതു ഞങ്ങളൊന്നിച്ച്‌....."
ഒരു ദീർഘനിശ്വാസത്തോട്‌ ക്ഷേത്രമുറ്റത്തെ അരയാൽത്തറയിൽ അയാൾ ദേവൂനേം കാത്തിരുന്നു....

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പരദേവത"പണിക്കർ ഇനിയും ഒരു തീരുമാനം പറഞ്ഞില്ല ! പണിക്കർക്കാച്ചാ വയ്യ, രാഷ്ട്രീയം പറഞ്ഞു നടക്കുന്ന, പാരമ്പര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത മകനാണെങ്കിൽ ഇതിനൊട്ട്‌ തുനിയേമില്ലാ, ഞങ്ങളെന്താപ്പോ ചെയ്യേണ്ടേ ? മറ്റൊരാൾക്ക്‌ അടയാളം കൊടുക്കാച്ചാ ക്ഷേത്രാചാരങ്ങൾ തെറ്റിക്കേണ്ടിയും വരും.... അഞ്ചുകൊല്ലം കൂടീട്ടാ ഇങ്ങനെയൊരു തീരുമാനമെടുത്തെ.... പണിക്കർക്കുവേണ്ടീട്ട്‌ പരദേവതേന്റെ ദോഷം മേടിച്ചുകൂട്ടണോ ഞങ്ങള്‌...?"
കളത്തിലെ കാരണവര്‌ നീരസം പൂണ്ടു.
പറഞ്ഞതത്രേം സത്യമാണെന്ന്‌ പൂർണ്ണബോധ്യമുണ്ടായിട്ടും കൃഷ്ണൻ പണിക്കർ ഇങ്ങനെ മറുപടി പറഞ്ഞു.
"ല്യാ... അടിയങ്ങള്‌കാരണം പരദേവത വല്യമ്പ്രാക്കളോട്‌ കോപിക്കില്ല്യ. അടിയന്റെ മോൻ കെട്ടും പരദേവതേനെ. അടിയനാ പറയണേ...."
പറഞ്ഞത്‌ തീത്തും വിശ്വസിച്ചില്ലെങ്കിലും കാരണവർ ഒന്നിരുത്തി മൂളി.
"രണ്ടീസത്തെ സമയം തരാം, അടുത്ത മാസം രണ്ടാം തീയ്യതിയാണ്‌ തെയ്യം.
ശനിയാഴ്ച വന്ന്‌ അടയാളം വാങ്ങണം. ഇല്ലാച്ചാൽ.....,
അമ്മേ... പരദേവതേ...കാത്ത്‌കൊള്ളണേ..."
മറുത്തൊന്നും പറയാതെ ഇടറിയ കാൽ വെപ്പുകളോടെ പണിക്കർ കളത്തിലെ തറവാടിന്റെ പടിക്കെട്ടുകളിറങ്ങി. പാടവും, തോടും കടന്ന്‌ വീട്ടിലെത്തി. വാതിലുതുറക്കാൻ മിനക്കെടാതെ താടിക്ക്‌ കയ്യും കൊടുത്ത്‌ ചാരുകസേരയിൽ മകന്റെ വരവും കാത്ത്‌ ചിന്താധീനനായി ഇരുന്നു.
മകനെ നേർവഴിക്ക്‌ നടത്തേണ്ടവൾ അവന്റെ കൊച്ചുകാലുറക്കും മുൻപേ ഇട്ടേച്ചുപോയതിന്റെ സങ്കടം പണിക്കരാരോട്‌ പറയാൻ? ഓടിട്ട ഒരു കൊച്ചുവീടും, പത്തുസെന്റ്‌ പുരയിടവും, രാഷ്ട്രീയം ഭക്ഷിക്കുന്ന ഒരു മകനുമാണ്‌ പണിക്കരുടെ ആകെ സമ്പാദ്യം.
രാവിന്റെ അന്ത്യയാമത്തിലേപ്പൊഴോ വീടേറിവന്ന മകൻ കണ്ടത്‌ വീട്‌ തുറക്കാതെ, ലൈറ്റിടാതെ, ചാരുകസേരയിൽ ഇരുട്ടിന്‌ കാവലായ്‌ അച്ഛൻ കണ്ണടച്ചു കിടക്കുന്നതാണ്‌. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും, അച്ഛനെ അവൻ മെല്ലെ തട്ടിവിളിച്ചു.
"പരദേവതേ......!! ഹെന്റെ പരദേവതേ.....!!"
ഞെട്ടിയുണർന്ന പണിക്കർ അലറിവിളിച്ചു.
"ഈ അച്ഛന്‌ പ്രാന്താണ്‌, പരദേവത. മണ്ണാംകട്ട.... അച്ഛൻ വന്നേ, വല്ലതും കഴിച്ചിട്ട്‌ അകത്തുപോയിക്കിടക്കാം...."
അച്ഛന്റെ ആദർശ്ശങ്ങളോട്‌ പരമപുഛമാണെങ്കിലും, അച്ഛനോട്‌ ബഹുമാനവും സ്നേഹവുമുണ്ട്‌ ആ മകന്‌. അവൻ പണിക്കരെ പിടിച്ചെഴുന്നേൽപ്പിച്ചു.
പ്രഭാതത്തിൽ കട്ടൻകാപ്പിയുമായി ചെന്ന് അവൻ അച്ഛനെ വിളിച്ചു. മകൻ വീട്ടിലുള്ള ദിവസം അതാണ്‌ അവിടുത്തെ പതിവ്‌.
"മോനേ....എനിക്ക്‌ നിന്നോട്‌ ചിലത്‌ പറയാനുണ്ട്‌. വാ..ബ്ടെ ഇരിക്ക്‌"
അയാൾമകനെ തന്റെ അരികിലിരുത്തി.
"കളത്തില്‌ തെയ്യംകെട്ടുന്ന കാര്യാച്ചാ അച്ഛൻ പറയണമെന്നില്ലാ. ഞാൻ അനുസരിക്കില്ല. നാട്ടാരെപ്പറ്റിക്കണ പരിപാടീയാ അത്‌. അച്ഛനോട്‌ അന്നേ പറഞ്ഞതാ ഞാൻ".
മകന്റെ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണൻ പണീക്കരുടെ മിഴികൾ നിറഞ്ഞൊഴുകി. അതു കണ്ടപ്പോൾ ആ മകനൊന്ന്‌ പകച്ചു.
"അച്ഛാ..ഞാൻ.."
"വേണ്ട.... ന്റെ മോന്‌ പറ്റില്ല്യാച്ചാ വേണ്ട. വയസ്സ്‌ എഴുപതുകഴിഞ്ഞെന്നേ ഉള്ളൂ.പിന്നെയീ ശ്വാസം മുട്ടല്‌, അത്‌ കണ്ടില്ലാന്നുവെക്കും. ന്നാലും പഠിച്ചതൊന്നും മറന്നിട്ടില്ല ഞാൻ... കൃഷ്ണൻ പണിക്കര്‌ ഈ ഊരിന്റെ പണിക്കരാ... ഞാൻ...ഞാൻ കെട്ടും പരദേവതേനെ..."
കൃഷ്ണൻ പണിക്കർ മുറ്റത്തേക്ക്‌ നടന്നു.
"ഓര്‌ തന്നതാ ഈ പണിക്കര്‌ സ്ഥാനോം, വളേം. ഇത്രേം കാലം ഞാനിത്‌ നിലനിർത്തി. ഈ അവസാനകാലത്ത്‌ ദുഷ്പേരും, പരദേവതേന്റെ ദോഷോം വാങ്ങിവയ്ക്കാച്ചാ, ...തിലും ഭേദം മരണംതന്യാ..."
കൃഷ്ണൻ പണിക്കരുടെ പിറുപിറുക്കൽ ആ മകനെ തെല്ലൊന്നു വേദനിപ്പിച്ചു.
അന്നു വൈകുന്നേരം അച്ഛന്റെ അരികിൽ വന്നുനിന്നു പറഞ്ഞു.
"ഒറ്റത്തവണത്തേക്ക്‌..ഒറ്റത്തവണത്തേക്കുമാത്രം ഞാൻ തെയ്യം കെട്ടാം. എന്റെ പാർട്ടിക്ക്‌ അത്‌ എതിരാണ്‌. എങ്കിലും... പക്ഷെ, അത്‌ ദോഷത്തേയോ പരദേവതയേയോ പേടിച്ചല്ല... ന്റെ അച്ഛന്റെ തല കുനിയാതിരിക്കാനാ... ഈ മനസ്‌ വേദനിക്കാതിരിക്കാനും."
"ഹെന്റെ മോനേ..."
അടക്കാനാകാത്ത സന്തോഷത്തോടെ പണിക്കർ മകനെ പുണർന്നു.
രണ്ടാം തീയ്യതി പുലർച്ചയോടെ കളത്തിലെ തിരുമുറ്റത്ത്‌ പരദേവതയുടെ തോറ്റം പാട്ടുയർന്നു.. ഉച്ചയ്ക്ക്‌ പരദേവതയുടെ കോലസ്വരൂപവും...
കൃഷ്ണൻ പണിക്കരേപ്പോലെ മിടുക്കൻ തന്നെയാ മോനും...."
കളത്തിലെ കാരണവർക്ക്‌ എന്തെന്നില്ലാത്ത സന്തോഷം. കേട്ടു നിന്ന പണിക്കരുടെ കണ്ണു നിറഞ്ഞു.
"എല്ലാം പരദേവതയുടെ അനുഗ്രഹം !"
പരദേവതയുടെ ഉറയലും, അട്ടഹാസവും ഗ്രാമത്തെ ഭക്തിയുടേ പാരമ്യതയിലെത്തിച്ചു. അരിയും, കുറിയും വാങ്ങാൻ ഭക്തജനങ്ങൾ തിക്കുംതിരക്കും കൂട്ടി...
പെട്ടെനാണ്‌ അത്‌ പണിക്കരുടെ കണ്ണിൽപ്പെട്ടത്‌. കൂട്ടത്തിലൊരുവന്റെ കയ്യിൽ മൂർച്ചയേറിയ തിളങ്ങുന്ന കഠാര ! പണിക്കർക്ക്‌ എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ അവനാ കഠാര പരദേവതയുടെ കഴുത്തിൽ കുത്തിയിറക്കി. പീഠത്തിൽനിന്ന്‌ പരദേവത ഒന്ന്‌ ചെരിഞ്ഞ്‌ ഒരലർച്ചയോടെ പിറകോട്ട്‌ മലർന്നു.
പണിക്കർ ബോധരഹിതനായി നിലംപതിച്ചു. ജനം ഒരുനിമിഷം സ്തംഭിച്ചുനിന്നു. പിന്നെ ചേരി തിരിഞ്ഞ്‌ നിറങ്ങൾ തമ്മിലടിച്ചു.
പരദേവതയുടെ തിരുമുറ്റത്ത്‌ രക്തപ്പുഴയൊഴുകി. ബോധമുണർന്ന പണിക്കർ നിലതെറ്റി പരദേവതയെ കുലുക്കിവിളിച്ചു.മുദ്രാവാക്യം വിളിക്കാൻ സ്വന്തമായി പർട്ടിയില്ലാത്ത പരദേവത ജില്ല വിട്ട്‌ ഓടിപ്പോയി. ഓടുന്ന ഓട്ടത്തിനിടയിൽ വഴിക്കുവെച്ച്‌ വിദേശികളിലാരോ പരദേവതയെ തട്ടീക്കൊണ്ടുപോയെന്ന്‌ പത്രം റിപ്പോർട്ട്‌ ചെയ്തു. ഏതായാലും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാട്ടുകാരുടെ പരദേവതയെ അതിൽപ്പിന്നെ ആരും കണ്ടിട്ടില്ല.

2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

പ്രണയം
ചിരിക്കുമെന്നധരത്തിനുള്ളിലെരിയുന്ന
കനലാണെനിക്കെന്റെ പ്രണയം
അഴകാർന്നൊരെൻ നീണ്ടമിഴികളിൽ തോരാത്ത
മഴയാണെനിക്കെന്റെ പ്രണയം
കേൾക്കാൻ മധുരമായീടുമെൻ പാട്ടിലെ
ശ്രുതിപോയ ശീലാണെനിക്കെന്റെ പ്രണയം
മധുരം കൊതിക്കുമെൻ രസനയ്ക്ക്‌ സത്യത്തിൽ
അന്യമാം കനിയാണെനിക്കെന്റെ പ്രണയം
പുൽകുവാൻ വെമ്പുന്നൊരെൻ കരങ്ങൾക്കുള്ളിൽ
കള്ളിമുൾച്ചെടിയാണെനിക്കെന്റെ പ്രണയം
സ്വപ്നങ്ങൾക്കായ്‌ കേഴും പാവമെൻ മനസ്സിലെ
ദു:സ്വപ്നമാണിന്നെനിക്കെന്റെ പ്രണയം
സ്പന്ദിച്ചിടാൻ മറക്കാത്തൊരെൻ ഹൃത്തിലെ
തീരാത്ത നോവാണെനിക്കെന്റെ പ്രണയം
എങ്കിലും പ്രണയമേ ! പ്രണയിച്ചുപോകുന്നു
 എൻ ഹൃദ്‌സ്പന്ദനം നിൽപ്പോളം നിന്നെ ഞാൻ.