2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

കാത്തിരിപ്പ്‌അമ്പലനടയിൽ ബസ്സിറങ്ങവേ, ഉടുമുണ്ട്‌ തട്ടി അയാളൊന്ന്‌ വീഴാനാഞ്ഞു. ഒന്നു പരിഭ്രമിച്ചെങ്കിലും, മുഷിഞ്ഞ വെള്ളമുണ്ട്‌ മുറുക്കിയുടുത്ത്‌, തോളിലെ തുണിസ്സഞ്ചി നെഞ്ചോട്‌ ചേർത്ത്‌ നടക്കുന്നതിനിടയിൽ ചുറ്റുമൊന്ന്‌ കണ്ണോടിച്ചു.
ആൾക്കൂട്ടത്തിലെങ്ങാനും അവൾ.....? ഉണ്ടെങ്കിൽത്തന്നെ ഈ തിരക്കിനിടയിൽ എങ്ങനെയാ ഒന്ന്‌ കണ്ടെത്തുക...? ഏതായാലും ഇത്തവണ അവൾക്കു തന്നെ പറ്റിക്കാൻ കഴിയില്ല. തീർച്ച.
എവിടെ ഒളിച്ചിരുന്നാലും താൻ കണ്ടു പിടിക്കും. ഇനിയവൾ വരാതിരിക്കുമോ...? ഹേയ്‌.. ഇല്ല. തന്റെ ദേവൂട്ടിക്ക്‌ ഇന്നത്തെ ദിവസം ഇവിടെ വരാതിരിക്കാൻ പറ്റില്ല. കാരണം ഇന്ന്‌ അവളുടെ പ്രിയപ്പെട്ട ഉണ്ണ്യേട്ടന്റെ പിറന്നാളല്ലേ..? അതിലുപരി അവളുടെ മംഗല്യ ഭാഗ്യത്തിന്‌ ഇന്ന്‌ പത്തുവയസ്സ്‌ തികയുകയല്ലേ. അപ്പോ അവളു വരാതിരിക്കുമോ..? അവളുടെ ദീർഘസൗമംഗല്യത്തിന്‌ കാവൽ നിൽക്കുന്ന, വിളിച്ചാൽ വിളിപ്പുറത്തുള്ള അവളുടെ കാവിലമ്മയെ കാണാൻ...? ഒരുപക്ഷെ അവൾ നേരത്തേ എത്തി തന്നെക്കാത്ത്‌ മുഷിഞ്ഞ്‌ അന്നത്തെപ്പോലെ തൊഴാൻ കയറിക്കാണുമോ...? ഏതായാലും അമ്പലത്തിനകത്തു നോക്കാം.
അമ്പലക്കുളത്തിൽ മുങ്ങി അയാൾ ഈറനോടെ ശ്രീകോവിലിനു നേർക്കു നടന്നു. ശ്രീലകത്തെ ദേവിയോട്‌ പരിഭവം പറഞ്ഞിട്ടേയുള്ളു ഉപദേവതമാരുടെ നടയിലേക്ക്‌... കണ്ണടച്ച്‌ ഇഷ്ടദേവതാധ്യാനം ചെയ്ത്‌ ശ്ലോകാഭിഷേകവും നടത്തി പ്രസാദം വാങ്ങുവാനായി തിരിഞ്ഞപ്പോൾ ശാന്തിക്കാരൻ നമ്പൂതിരി ഒന്ന്‌ ചിരിച്ചു. പിന്നെ ഒരു നീണ്ട നെടുവീർപ്പുതിർത്തു.
ആ ചിരിക്ക്‌ ഒരു സഹതാപത്തിന്റെയോ, സങ്കടത്തിന്റെയോ ലാഞ്ഛനയുണ്ടോ...? ഹേയ്‌.. തോന്നിയതാകാം...!
ഒരു പുഞ്ചിരി പകരം നൽകി അയാൾ തെക്കെ നടയിലേക്ക്‌ നടന്നകലുമ്പോൾ പിറകിലെ കൽമണ്ഡപത്തിലിരുന്ന്‌ ഷാരസ്യാർ തൊഴാൻ വന്ന സ്ത്രീയോട്‌ അടക്കിപ്പിടിച്ച്‌ സംസാരിച്ചതു അയാൾ വ്യക്തമായിത്തന്നെ കേട്ടു.
"പാവം! അക്കരെ വടക്കേടത്തെ വല്യമ്പ്രാന്റെ ഇളയമകനാ, ഉണ്ണിത്തമ്പുരാൻ. ഭാര്യ മരിച്ചിട്ടിപ്പോ നാല്‌ വർഷായി. അതിപ്പിന്നെ ഇങ്ങനെയാ.... നാടുമുഴോനും, അമ്പലങ്ങളായ അമ്പലങ്ങളില്‌ ദേശാടനാ... എന്താ പറയ്യാ...ഓരോർത്തരുടെ ഓരോ യോഗംന്നല്ലാണ്ട്യേയ്യ്‌... ന്ത്‌ണ്ടായിട്ടെന്താ, തലയ്ക്ക്‌ സ്ഥിരല്ല്യാച്ചാ, ന്താ കഥ...?"

ഭ്രാന്തോ..? തനിക്കോ...? അയാൾ മെല്ലെ നിന്നു. പിന്നെ നടക്കാൻതുടങ്ങി.
"കേട്ടില്ലേ, നീ കാവിലമ്മേ...ന്റെ ദേവു മരിച്ചൂന്ന്‌. ആർക്കാ ഇപ്പോ തലയ്ക്ക്‌ സ്ഥിരല്ല്യാത്തേ..? അവള്‌ എന്നോട്‌ പിണങ്ങിപ്പോയതല്ലേ? അവൾക്കല്ലേലും ഇത്തിരി മുൻശുണ്ഠി കൂടുതലാന്ന്‌ നിനക്കറിഞ്ഞുകൂടേ? അവള്‌ അന്ന്‌ ഇതുപോലൊരുദിവസം നിന്നെക്കാണാൻ ഇറങ്ങിയതാ. തേവാരം കഴിച്ച്‌ ഞാനിറങ്ങിയപ്പോഴേക്കും ഇത്തിരിയൊന്ന്‌ വൈകി...ഒന്നും രണ്ടും പറഞ്ഞ്‌ അതിന്റെ പേരില്‌ വഴക്കായി. ദേഷ്യം കലശലായപ്പോ ഞാനവളെത്തല്ലീന്നുള്ളത്‌ നേരാ.., എന്നുവെച്ച്‌ ഇറങ്ങിപ്പോവ്വാ വേണ്ടീത്‌..? അതും തുണയിലാതെ..? സ്നേഹം കൂടീട്ടാന്ന്‌വച്ച്‌ ക്ഷമിക്കായിരുന്നില്ലേ അവൾക്ക്‌..? ഒക്കെ കഴിഞ്ഞിട്ട്‌ ഒടുക്കംന്തായി? അവളുതന്നെ തോറ്റില്ലേ..?വൈകുന്നേരാവും മുൻപേ തിരിച്ചുവന്നില്ലേ..?
ഒരു വ്യത്യാസുണ്ടായിരുന്നു. പോകുമ്പോ മഞ്ഞ സാരിയുടുത്ത്‌ പോയവള്‌ വെള്ളയുടുത്താ തിരിച്ചുവന്നേ.. അത്‌എങ്ങനയാന്ന്‌ ചോദിച്ചിട്ട്‌ അവളൊട്ട്‌ പറഞ്ഞതുമില്ല. എല്ലാരേം പറ്റിക്കാൻ ഉമ്മറത്ത്‌ കണ്ണടച്ച്‌ കിടക്കേം ചെയ്തു. റോഡീന്ന്‌ വണ്ടി തട്ടിയതാന്നാ എല്ലാരും പറയണെ... അവർക്കറിയില്ലാലോ അവളവരെ പറ്റിക്കയാണെന്ന്‌. എനിക്കറിയാം അവളെന്നോട്‌` പിണങ്ങിയിരിപ്പാണെന്ന്‌. അവളു വരും...അവളേംകൊണ്ടേ ഞാനിനിതിരിച്ച്‌ പോകൂ. അവളെക്കാണുമ്പോ തല്ലിയതിന്‌ മാപ്പ്‌ പറയണം. ഇനിയവളെ തനിച്ചു വിടില്ല ഞാൻ. ഇനിയൊരു യാത്രയുണ്ടെങ്കിലതു ഞങ്ങളൊന്നിച്ച്‌....."
ഒരു ദീർഘനിശ്വാസത്തോട്‌ ക്ഷേത്രമുറ്റത്തെ അരയാൽത്തറയിൽ അയാൾ ദേവൂനേം കാത്തിരുന്നു....

3 അഭിപ്രായങ്ങൾ:

 1. കഥ വളരെ നന്നായി എഴുതി. നല്ല പരിസര ബോധം, വാഗ്പ്രയോഗ നൈപുണ്യം, അവതരണഭംഗി. എല്ലാ ആശംസകളും നേരുന്നു

  മറുപടിഇല്ലാതാക്കൂ
 2. “അരയാൽത്തറയിൽ അയാൾ ദേവൂനേം കാത്തിരുന്നു....“

  “ ദേവുവിനേയും “ എന്നായിരിക്കും ഉചിതം.
  തുടരുക,
  ആശംസകളോടെ.. പുലരി.

  മറുപടിഇല്ലാതാക്കൂ
 3. അഭിപ്രായങ്ങൾക്ക്‌ ഒരുപാടു നന്ദി. നിങ്ങൾ നൽകുന്ന പ്രചോദനമാണ്‌ എന്റെ ഊർജ്ജം

  മറുപടിഇല്ലാതാക്കൂ