2012, ഡിസംബർ 27, വ്യാഴാഴ്‌ച

ശരിയും തെറ്റും
അവളവനെ പ്രണയിച്ചു
അച്ഛൻ വില്ലനായി.....
അവന്റെ കൈ പിടിച്ച്‌
തിരിഞ്ഞ്‌ നോക്കാതെ
അവളിറങ്ങി നടന്നു
അവൾക്കവനോട്‌ കടുത്ത
പ്രണയമായിരുന്നത്രെ......! ?

അച്ഛനും, അമ്മയും പിറകിൽ
കണ്ണീർ വാർത്തു
അവർ അവളെ ഒരുപാട്‌
സ്നേഹിച്ചിരുന്നു......

ആദ്യം കൈക്കുകയും, പിന്നീട്‌
മധുരിക്കുകയും ചെയ്തത്‌
നെല്ലിക്കയെങ്കിൽ,
ആദ്യം മധുരിക്കുകയും,
പിന്നെ കൈക്കുകയും ചെയ്തത്‌
അവളുടെ ജീവിതമായിരുന്നു...

ഒടുവിൽ, അച്ഛനാണ്‌ ശരിയെന്ന്‌
തിരിച്ചറിഞ്ഞപ്പോഴേക്കും
മകൾ, തിരുത്താൻ പറ്റാത്ത
ഒരു തെറ്റായി മാറിക്കഴിഞ്ഞിരുന്നു.

2012, ഡിസംബർ 22, ശനിയാഴ്‌ച

മണ്ണ്‌ആറടി മണ്ണിലുറങ്ങാൻ
ഞാൻ മോഹിച്ചപ്പോൾ,
കാലടിയിലെ മണ്ണ്‌
കവർന്നെടുത്തവരെന്നെ
പരിഹസിച്ചു

2012, ഡിസംബർ 13, വ്യാഴാഴ്‌ച

ഞാനും നീയും
ഞാൻ കറുപ്പും
നീ വെളുപ്പും
ഞാൻ കരയും
നീ കടലും
നിനക്ക്‌ വലതും
എനിക്ക്‌ ഇടതും
നിനക്ക്‌ പകലും
എനിക്ക്‌ രാത്രിയും
കടലും തീരവും
ഒന്ന്‌ ചേർന്നാൽ
തീരം മരിക്കും
എനിക്ക്‌ മരിക്കേണ്ട
അതിനാൽ.......
നമുക്ക്‌ പിരിയാം

2012, ഡിസംബർ 6, വ്യാഴാഴ്‌ച

ചിന്തകൾഎന്റെ ചിന്തകൾക്ക്‌
ഞാൻ ചിറകുനൽകിയപ്പോൾ
അവർ പറഞ്ഞു
എനിക്ക്‌ ഭ്രാന്താണെന്ന്‌ .......
എന്റെ ചിന്തകളെ
ഞാൻ ബന്ധനത്തിലിട്ടപ്പോൾ
അവർ പറഞ്ഞു ........
ഞാൻ വിഡ്ഢിയാണെന്ന്‌ .
ഒരു വിഡ്ഢിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ഒരു ഭ്രാന്തിയാകുന്നതാണ്‌ !

2012, ഡിസംബർ 5, ബുധനാഴ്‌ച

ഒറ്റ നാണയം

ഒരന്തിക്ക്‌ കൂട്ടിന്നീ ഭ്രാന്തിതൻ
വീട്ടിലെത്തിയവൻ
തന്നതാണീ ഒറ്റ നാണയം
ഇന്ന്‌....ഒറ്റ നാണയം
അരിയായും, ചോറായും,
എന്റെ വിശപ്പിന്റെ
സാന്ത്വനമായും മാറുമ്പോൾ.....
നാളെ..... ഒറ്റ നാണയം
പാപത്തിന്റെ
കരിങ്കൽ ചീളുകളായ്‌
എന്നിടനെഞ്ചിൻ നേർക്ക്‌
ചീറിപ്പാഞ്ഞുവരും...!!?
ഭയമില്ല....... കാരണം
ഒറ്റ നാണയത്തിന്റെ
സംഖ്യ ഗണിക്കുകിൽ
അന്നും......ഇന്നും......എന്നും
സമ്പന്നർ നിങ്ങൾതന്നെ !!


2012, ഡിസംബർ 2, ഞായറാഴ്‌ച

ചുകപ്പ്‌
എന്റെ കുഞ്ഞുന്നാളിൽ ഞാൻ
ചുകപ്പിനെ ഒരുപാട്‌ സ്നേഹിച്ചിരുന്നു.
ഉടുപ്പിലും, റിബ്ബണിലും, കുപ്പിവളകളിലും,
അങ്ങനെ അങ്ങനെ.....
 എന്റേതായ വസ്തുക്കളിൽ മുഴുവനും
ഞാൻ എന്റെ ഇഷ്ടവർണ്ണത്തെ നിറച്ചു.
എന്തിന്‌;...  ഇഷ്ടാനിഷ്ടങ്ങൾ മാറിമറയുന്ന
കൗമാര, യൗവ്വനങ്ങളിൽപ്പോലും
ചുകപ്പ്‌ എന്നെ വിടാതെ പിൻതുടർന്നു.
രക്തത്തിന്റെ നിറമുള്ള വർണ്ണം.
യൗവ്വനത്തിൽ ഞാൻ
ചുകപ്പിന്റെ മാത്രം വക്താവായി.
നീതി-ബോധങ്ങൾ
ചുകപ്പിൽ മുങ്ങിമരിച്ചു.
ചോര കാണുന്നത്‌ എനിക്ക്‌
ഒരുതരം ഹരമായിമാറി...
ഒരിക്കൽ,  അച്ഛൻ.........റോഡരികിൽ
ചുകപ്പിൽ കുളിച്ച്‌ കിടന്നപ്പോൾ......
അപ്പോൾ... അന്നാദ്യമായി
ചുകപ്പിനെ ഞാൻ വെറുത്തു !