2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഒരു മകളുടെ കുറ്റസമ്മതം




സ്റ്റൂളിൻ മുകളിൽ കയറി നിന്ന് ഫേനിൽ തൂക്കിയ സാരിക്കുരുക്കിന്റെ ബലം ഉറപ്പ്‌ വരുത്തിയിട്ട്‌ ലെന പതിയെ താഴെ ഇറങ്ങി. വാതിൽക്കൊളുത്തുകൾ ഒന്നുകൂടി ഉറപ്പിച്ചിട്ട്‌ അവൾ റൂമിലെ ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ ടേബിൾ ലാമ്പ്‌ ഓൺ ചെയ്തു. മേശപ്പുറത്ത്‌ വച്ചിരുന്ന നീലപ്പുറംചട്ടയുള്ള തന്റെ പ്രിയപ്പെട്ട ഡയറിയിൽ ചുകന്ന മഷികൊണ്ട്‌ ഇങ്ങനെ കുറിച്ചിട്ടു.
"പ്രിയപ്പെട്ട അമ്മയ്ക്കും, അച്ഛനും,
ചെയ്ത തെറ്റിന്‌ മാപ്പ്‌ ചോദിക്കാൻപോലും അർഹതയില്ലാന്നറിയാം, എങ്കിലും......
ഈ അവസാനനിമിഷത്തിലെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും എനിക്കിത്‌ പറയുവാൻ സാധിക്കുകയില്ല. അമ്മ നൽകിയ അമ്മിഞ്ഞപ്പാലിന്റെ മധുരം ചുണ്ടിൽനിന്നും മാഞ്ഞ്‌ പോയത്‌ എന്നാണെന്നോ എന്ത്‌കൊണ്ടാണെന്നോ എനിക്കറിഞ്ഞുകൂട. അമ്മ നൽകിയ വാൽസല്യങ്ങളെക്കാൾ, അച്ഛന്റെ സ്നേഹസ്പർശ്ശനങ്ങളെക്കാൾ ഒക്കെ വലുതായി രാജേഷിന്റെ പ്രണയത്തെ ഞാനറിഞ്ഞത്‌ എന്ത്‌കൊണ്ടാണെന്ന് എനിക്കറിയില്ല. ഇന്നും.
ആദ്യമായി അച്ഛനോട്‌ കയർത്ത്‌ സംസാരിച്ചപ്പോൾ അച്ഛന്റെ ഇടനെഞ്ച്‌ പിടഞ്ഞതും മറ്റെന്തിനേക്കാളും വലുതാണ്‌ രാജേഷിന്റെ സ്നേഹമെന്നു പറഞ്ഞപ്പോൾ അമ്മയുടെ കൺകൾ നിറഞ്ഞതും, ഇഷ്ടദേവന്റെ തിരുനടയിൽനിന്ന് അമ്മ തലതല്ലിക്കരഞ്ഞതും ഞാൻ കണ്ടില്ലെന്ന് നടിച്ചു. പ്രണയം പവിത്രമാണെന്നും, അവനാണ്‌ എന്റെ ലോകമെന്നും ഞാൻ കരുതി. നിങ്ങളുടെ ലോകത്ത്‌ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന വസ്തുതയെ ഞാൻ അറിയാൻ ശ്രമിച്ചതേയില്ല. രാജേഷിന്റെ കൈപിടിച്ച്‌ ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ ഞാനാവീട്ടിന്റെ പടിയിറങ്ങിയപ്പോൾ, പിന്നിൽ നിങ്ങളുടെ കണ്ണുനീർത്തുള്ളികൾ പുഴയായൊഴുകിയത്‌ ഞാൻ കണ്ടതേയില്ല. അല്ലെങ്കിൽ, കണ്ടില്ലെന്നു നടിക്കുവാനായിരുന്നു എനിക്ക്‌ കൂടുതൽ ഇഷ്ടം.
രാജേഷിന്റെ  അമ്മയെ ഞാൻ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചു.അച്ഛന്റെ മരണശേഷം അവന്‌ എല്ലാം അവന്റെ അമ്മയായിരുന്നു. പുറമേ അനിഷ്ടമൊന്നും കാട്ടിയില്ലെങ്കിലും മകന്റെ ഭാവി തകർത്തത്‌ ഞാനാണെന്ന ധ്വനി അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു. സ്ത്രീധനമില്ലാതെ വന്നതിനാലാകണം ബന്ധുക്കൾ കാര്യമായെന്നെ പരിഗണിക്കാതിരുന്നത്‌. എങ്കിലും രാജേഷിന്റെ സ്നേഹത്തിൽ ഞാൻ ആശ്വാസം കണ്ടെത്തി. രാജേഷിന്‌ ഓഫീസിൽ ചെറുതെങ്കിലും ഒരു ജോലി ലഭിച്ചപ്പോൾ ഞാനേറെ സന്തോഷിച്ചു. ഒരു 24 കാരനു ലഭിച്ച ഭാഗ്യം..... ഒരു വർഷം അങ്ങനെ കടന്നുപോയി. എന്റെ സന്തോഷത്തിന്‌ ആയുസ്സ്‌ കുറവായിരിക്കുമെന്ന് സ്വപ്നത്തിൽപ്പോലും ഞാൻ സങ്കൽപ്പിച്ചില്ല. ഞാൻ സന്തുഷ്ടയായിരുന്നു. കമ്പനി എം.ഡി.യുടെ മകൾ സുന്ദരിയായ ജൂലിയയുമായി രാജേഷ്‌ അടുക്കുംവരെ.....
പാതിരാക്കോളുകളും,എസ്‌ എം എസ്‌ കളും അതിരുകടന്നപ്പോൾ ഒരു ദിവസം ഞാൻ പൊട്ടിത്തെറിച്ചു. അതുവരെ കാണാത്ത രാജേഷിന്റെ മറ്റൊരു മുഖം ഞാൻ അന്ന്‌ കണ്ടു. അവനെന്നോട്‌ പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു.
 'ഞാൻ കാരണമാണ്‌ അവന്റെ ഭാവി നശിച്ചത്‌, അവന്റെ സ്വപ്നങ്ങൾ തകർന്നത്‌. ഇപ്പോൾ ജൂലിയയിലൂടെ അവൻ അവന്റെ ഭാവി വികസിപ്പിക്കാൻ ശ്രമിക്കുകയാണ്‌. അവൾ വിചാരിച്ചാൽ അവന്‌ ആ കമ്പനിയുടെ മാനേജർവരെ ആകാം. അതുകൊണ്ടുതന്നെ അവളെ പിണക്കാൻ അവനു വയ്യ. എനിക്കവൻ കുറവൊന്നും വരുത്തുകയില്ല, അഡ്ജസ്റ്റ്‌ ചെയ്യാമെങ്കിൽ മുനോട്ട്‌ പോകാം.... ഇല്ലെങ്കിൽ.....
ഞാൻ മറുത്തൊന്നും പറഞ്ഞില്ല. കാരണം അവനറിയാം എനിക്ക്‌ തിരിച്ചുപോകാൻ മറ്റൊരു ഇടമില്ലെന്ന്‌. ഒരു പട്ടിയെപ്പോലെ അവന്റെ കാൽക്കീഴിൽ എന്നും കഴിഞ്ഞുകൊള്ളുമെന്ന്‌. പക്ഷെ, ഞാൻ തോൽക്കില്ല.......
പ്രിയപ്പെട്ട അമ്മയും, അച്ഛനും എനിക്ക്‌ മാപ്പ്‌ തരണം. എന്റെ ഗതി മറ്റൊരു പെണ്ണിനും വരരുതേയെന്ന്‌ പ്രാർത്ഥിക്കണം. ഞാൻ പോകുകുയാണ്‌ മറ്റൊരു ലോകത്തേക്ക്‌.... നിത്യമായ ശാന്തിയിലേക്ക്‌. തിരിച്ചുവന്നാൽ ഇരു കൈയ്യും നീട്ടി നിങ്ങളെന്നെ സ്വീകരിക്കുമെന്ന് എനിക്കറിയാം.. പക്ഷെ, ഞാനത്‌ അർഹിക്കുന്നില്ല... സമയമേറെയായി. നിർത്തട്ടെ... ഒരായിരം സ്നേഹചുംബനങ്ങളോടെ... സ്വന്തം മകൾ, ലെന.'
കത്ത്‌ ഭദ്രമായി മടക്കിവച്ചിട്ട്‌ ഒരു ദീർഘനിശ്വാസത്തോടെ ലെന പഴയ സ്റ്റൂളിനു മുകളിൽ കയറിനിന്ന്‌ താൻ തനിക്കായി വിധിച്ച വിധിയിൽ തലവെച്ച്‌ ഒരു ചോദ്യചിഹ്നമായ്‌ തൂങ്ങിയാടാൻ തയ്യാറായിനിന്നു.

YOU


Love of an angel
Care of a mother
Colour  of a  rose
Smile of a baby
Touch of a breeze
Light of a moon
and the breath of mine.

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഭ്രാന്ത്‌





ഭ്രാന്ത്‌ അറുപത്തിനാല്‌ തരമെന്ന്‌
മുത്തശ്ശന്റെ തത്വബോധം.....
അമ്മയെത്തല്ലുന്ന അഛന്‌ മദ്യഭ്രാന്ത്‌,
പിറുപിറുക്കുന്ന അമ്മയ്ക്ക്‌ പ്രാക്കൽഭ്രാന്ത്‌,
പെണ്ണുകെട്ടാത്ത ചേട്ടന്‌ കാമഭ്രാന്ത്‌,
ചെത്തി നടക്കുന്ന അനിയന്‌ ഫാഷൻഭ്രാന്ത്‌,
ഒളിച്ചുപോയ അനിയത്തിക്ക്‌ പ്രണയഭ്രാന്ത്‌,
തള്ളിപ്പറഞ്ഞ കാമുകിക്ക്‌ പണഭ്രാന്ത്‌,
കൂട്ടത്തിൽ ഭ്രാന്തില്ലാത്തവൻ ഞാൻ മാത്രം.
കാൽച്ചങ്ങലയ്ക്കരികിലെ വ്രണം
പൊട്ടിയൊഴുകിയ വേദനയിലും ഞാൻ ചിരിച്ചു
ഭ്രാന്തില്ലാത്ത ചിരി...., ഭ്രാന്തന്റേതല്ലാത്ത ചിരി.....

നീ




ഒരു പനിനീർ പുഷ്പം പോലെ നീ.....
എന്റെ ആത്മാവും, മനസ്സും,ഹൃദയവും നീ....
നിന്റെ നിറം കാണാത്ത എന്റെ കൺകളും
നിന്റെ ഗന്ധമറിയാത്ത എന്റെ നാസികയും
നിന്റെ ശബ്ദം കേൾക്കാത്ത എന്റെ കാതുകളും
നിന്റെ ചുംബനം പൂക്കാത്ത എന്റെ ചുണ്ടുകളും
നിന്റെ സ്പർശമേൽക്കാത്ത എന്റെ ദേഹവും
എന്റേതല്ലെന്ന് നീ അറിയുക
നീ ഇല്ലെങ്കിൽ ഞാനും ഞാൻ ഇല്ലെങ്കിൽ നീയും ഇല്ലെന്നറിയുക

2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

കൂട്‌


അതിമനോഹരമായ തേന്മാവിൻകൊമ്പിൽ ഞാനെന്ന കിളി ഒരു കുഞ്ഞുകൂട്‌ വച്ചു. സ്നേഹം കൊണ്ടാണ്‌ ഞാനതിന്റെ ചുമരുകൾ തീർത്തത്‌... എന്റെ ജീവൻ നൽകി ഞാനവയെ ഒന്നിച്ചു നിർത്തി. ആ കൂടിന്റെ പണി തീരുവോളവും എന്റെ ശ്രദ്ധയും പ്രണയവും ആ തേന്മാവിൽ അർപ്പിച്ചിരുന്നു. കൂട്‌ കണ്ട പലരും അതിന്റെ അഴകിനെ വാഴ്ത്തി. തേന്മാവും ഞാനും പുഞ്ചിരിച്ചു. പിന്നീട്‌ ഞാനതിൽ മുട്ടകളിട്ട്‌, വിശ്വസിച്ച്‌ തേന്മാവിനെ ഏൽപ്പിച്ച്‌ പറന്നു പോയി. ആഴ്ചകൾ കഴിഞ്ഞ്‌ തിരിച്ചുവന്നപ്പോൾ അതാ ആ തേന്മാവിന്റെ കൊമ്പിൽ മറ്റൊരു കിളി കൂടുപണിയുന്നു ! ആ കിളിയുമായും തേന്മാവ്‌ കൂട്ടുകൂടുന്നു ! ഒരു ചങ്കിടിപ്പോടെ ഞാനെന്റെ കൂടു തേടി. ഒടുവിൽ മാഞ്ചുവട്ടിൽ തകർന്നു ചിതറിക്കിടക്കുന്ന ആയിരം കൂടുകളിലൊന്ന് എന്റേതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.....