എന്റെ ഓർമ്മമരത്തിലിരുന്ന്
ഒരു മരംകൊത്തി വല്ലാതെ കൊത്തിനോവിക്കുന്നു
ചില്ലകളിൽ കൂട് വയ്ക്കാനറിയാത്ത പക്ഷീ,
നീയെന്തിനാണ് ഇത്രമേൽ വേദനിപ്പിക്കുന്നത് ?
ഈ മരഹൃദയത്തിലൊരു കൂടാണ് ലക്ഷ്യമെങ്കിൽ
പ്രിയപ്പെട്ട പക്ഷീ,
ഇതൊരു ഉണങ്ങിയ മരമാണ്
ഒരു മഴയിലും തളിർക്കാത്ത പടുമരം.
നിന്റെ ഓരോ കൊത്തിലും
അടർന്നു വീഴുന്നുണ്ട്
കണ്ണുനീർത്തുള്ളികൾ....
പിടഞ്ഞു കേഴുന്നുണ്ട്
വ്രണിതഹൃദയം....
ഒന്നുറക്കെ കരയാൻ കൊതിയുണ്ട്, പക്ഷേ
കടയ്ക്കൽ വച്ച കോടാലിയെ ഭയമാണെനിക്ക്.
പ്രിയപ്പെട്ട പക്ഷീ,
പറന്നു പോകൂ....
ഈ ഉയിരകലും മരത്തിൽനിന്ന്,
മറ്റൊരു തളിർമരത്തിലേക്ക്.
വേദനയില്ലാതെ ഉറങ്ങട്ടേ
ഇത്തിരി നേരമെങ്കിലും ഞാൻ......