2020, മാർച്ച് 28, ശനിയാഴ്‌ച

രാധ

മാമകവാടിയിൽ വസന്തം നിറയ്ക്കുവാൻ
മാനസേശ്വരാ നീ വന്നണയില്ലേ...? 
കാമിനി രാധിക ഞാനിതാ പാടുന്നു
ശോകാർദ്രമാമീ പ്രണയഗീതം..
അവനിയിലാകവേ വസന്തം നിറയ്ക്കുന്ന
പൂങ്കുയിൽ നീയെന്നറിയുന്നു ഞാൻ...
രാധയും മീരയും ഗീതയും ഗോപിയും
പേരറിയാത്തൊരാ നാരീജനങ്ങളും..
ഏവരും നിനക്കായ് കേഴുന്ന രാത്രിയിൽ
പ്രിയമോടെ നീയോ പാടുന്ന മാത്രയിൽ... 
ഏകയായ് കണ്ണഞാൻ ചെവിയോർത്തിരിപ്പു... നിൻ കരുണാലോലമാം വേണുഗാനത്തിനായ്...
നന്ദകിശോരാ വരുനീ കരുണാ വിലോലാ...
ഒരു മാത്ര വന്നീ രാധയെ പുണരൂ...
ആനന്ദമലരായി ഈ വാടിയിൽ
വിടരൂ...
മാനസേശ്വരാ മായാവിലോലാ
കാത്തിരിപ്പുണ്ടിങ്ങ് കാമിനി രാധിക...
nabithanarayanan madathil

2020, മാർച്ച് 26, വ്യാഴാഴ്‌ച

അത്രമേൽ....

അത്രമേൽ പ്രിയമുള്ളതെല്ലാം
മനസ്സിന്റെ ചെപ്പിലടച്ചങ്ങു വയ്ക്കാം
വെറുമൊരു സ്വപ്നമായ് കാണാൻ പഠിക്കാം
ഇനി വരും നാളേക്കായെല്ലാം മറക്കാം
കനവിലെ നെയ്ത്തിരി നാളമണയ്ക്കാം
ഒരു പുനർജന്മം കൊതിക്കാം
ഇരുവഴിയായങ്ങൊഴുകാം
ഒടുവിലാക്കടലിന്റെ മാറിലായലിയാം
പ്രിയമുള്ളതെല്ലാം മറക്കാം
പരസ്പര മന്യരായ്ത്തന്നെ മരിക്കാം ..
nabithanarayanan madathil