2014 മേയ് 30, വെള്ളിയാഴ്‌ച

അവൻ



ആദ്യം............... 

എന്റെ വാക്കുകൾ
അവന്റെ കാതുകൾക്ക്‌ കിളിമൊഴി
എന്റെ രൂപം
അവന്റെ കൺകൾക്ക്‌ നിറവസന്തം
അവന്റെ ഗീതങ്ങൾ
എന്നിലെ വർഷമേഘങ്ങൾ...............

അന്ത്യത്തിലെ തിരിച്ചറിവ്‌........

അവൻ ബധിരനാണ്‌,
അന്ധനാണ്‌.................
മൂകനാണ്‌......................

2014 മേയ് 18, ഞായറാഴ്‌ച

ചൂട്`



അച്ഛന്റെ അടിച്ചൂട്`
അമ്മയുടെ കണ്ണീർച്ചൂട്`
ഭാര്യയുടെ സ്നേഹച്ചൂട്‌
മക്കളുടെ വിരഹച്ചൂട്`
വാർദ്ധക്യത്തിന്റെ
ഒറ്റപ്പെടൽച്ചൂട്`
മരണത്തിലെ മരവിപ്പിൽ
ചിതച്ചൂട്`

2014 ജനുവരി 15, ബുധനാഴ്‌ച

ഓർമ്മയ്ക്ക്‌





ഒരു മന്ദഹാസത്തിന്റെ ഓർമ്മയ്ക്ക്‌
എന്റെ മൌനം,
സ്നേഹസന്ദേശത്തിന്റെ ഓർമ്മയ്ക്ക്‌
ഒരു കണ്ണുനീർക്കണം,
ഒരു തലോടലിന്റെ ഓർമ്മയ്ക്ക്‌
ഈ ജീവിതം,
നിന്റെ മറവിയുടെ ഓർമ്മയ്ക്ക്‌
ഈ മരണം..........

2014 ജനുവരി 8, ബുധനാഴ്‌ച

വീട്‌



വിരലുകൾ നഷ്ടപ്പെട്ടവന്‌
വീടിന്റെ താക്കോൽ,
അധികാരം നഷ്ടപ്പെട്ടവന്‌
പൂമുഖത്തിണ്ണയിൽ അഭയം,
അമ്മയെ കൊന്നവന്‌
അച്ഛന്റെ  സ്നേഹവാത്സല്യം,
ഭാര്യയെ വിറ്റവന്‌
വീടിന്റെ അവകാശം,
വീടിനെ സ്നേഹിച്ചവന്‌
പട്ടടയിലെ ചിതയുടെ
എരിയുന്ന വേദന. !

2013 ഡിസംബർ 17, ചൊവ്വാഴ്ച

ചിത്രം




സ്വന്തം കുഞ്ഞിനെ 
കഴുത്തു ഞെരിച്ചു കൊന്ന

അമ്മയുടെ ചിത്രം
മനസ്സിലുള്ളതുകൊണ്ടാണ്‌
ഞാൻ അമ്മമാരെ വെറുക്കുന്നത്‌..
മകളെ വിലപേശി വിറ്റ അച്ഛൻ 
കഥയിലുള്ളതുകൊണ്ടാണ്‌
പുരുഷന്മാർക്കുനേരെ ഞാൻ
മുഖം തിരിക്കുന്നത്‌.
ബലാത്സംഗവീരനായ
ഭർത്താവിനു മുന്നിലാണ്‌
ഞാൻ ഭ്രാന്തിയാകുന്നത്‌
എന്റേതല്ലാത്ത കാരണങ്ങളാലാണ്‌
ഞാൻ കൊലപാതകിയായത്‌.

2013 നവംബർ 22, വെള്ളിയാഴ്‌ച

വേദനകൾ




വേദനകളെ പാരസെറ്റമോളിൽ
ഒതുക്കാമെന്ന അവന്റെ
അടിയുറച്ച വിശ്വാസത്തെ
കാറ്റിൽ പറത്തിക്കൊണ്ട്‌
അവൾ 
തന്റെ വേദനകളെ
ഉറക്കഗുളികകളിലർപ്പിച്ചു,
എന്നേക്കുമായി.........

2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

അഭയാർത്ഥി


അച്ഛനാണ്‌ ബിംബം
അമ്മ  പ്രതിബിംബം
ഞാൻ.....
ബിംബപ്രതിബിംബങ്ങൾ നഷ്ടപ്പെട്ട
വെറുമൊരഭയാർത്ഥി !