കണ്മുന്നിൽ നിറയുന്ന നിന്മുഖം കാണവെ
അകക്കണ്ണിൽ നുരയുന്നു നൊമ്പരം
അകതാരിലെരിയുന്നൂ തീക്കനൽ
ഓടുന്ന വണ്ടിയിൽ, നിന്നെയാകശ്മലൻ
നിർദ്ദയം ഹാ! പിച്ചിച്ചീന്തിയല്ലേ ?
കപട സംസ്ക്കാര ചിത്തരോ നിർദ്ദയം
തൻ കാര്യം നോക്കി നിന്നുവല്ലേ?
നെറികെട്ടൊരാ പേനായയ്ക്കു മുന്നിൽ
മാനത്തിനായി നീ പൊരുതിയല്ലേ?
മാപ്പു തന്നീടുക, നിൻ ദീനരോദനമെൻ
ബധിര കർണ്ണത്തിൽ പതിഞ്ഞതില്ല
'ചത്തില്ലേ?' യെന്നവൻ ചോദിച്ച മാത്രയിൽ
കുത്തിമലർത്താൻ കഴിഞ്ഞതില്ല,
ആ നീചൻ തന്നുടെ നിഷ്ഠുര കാമത്തെ
കൊത്തിയരിയുവാൻ കഴിഞ്ഞതില്ല,
എങ്കിലും സോദരീ, പറയട്ടെ ഞാനിന്ന്
തോരാതെ പെയ്യുമീ അക്ഷികൾ സാക്ഷിയായ്
'ഈർച്ചവാളിന്റെ മൂർച്ചയുണ്ടെൻ കൈയിൽ,
കരിങ്കല്ലുറപ്പുള്ള മനസ്സുമുണ്ട്,
ഉയിരകലുവോളം ഞാൻ കാവൽ നിന്നിടും,
സോദരിമാർ തന്റെ മാനം കാക്കും'