2014 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

അഹല്ല്യ





അഹല്ല്യേ പൊറുക്കുക.....
നിൻ പാതിവ്രത്യത്തിന്നൊരു സമ്മാനം ...
അതാണീ ശിലാജന്മം

അഹല്ല്യേ മറക്കുക
ദേവപതിക്ക്‌ ശാപമോക്ഷം
ദേവപദത്തിൻ ബലത്തിലത്രെ

അഹല്ല്യേ ചിരിക്കുക
പതിവ്രതയെങ്കിലും
നിനക്കു  മോക്ഷം
പരപുരുഷപാദസ്പർശത്താൽ മാത്രം ....

2014 ജൂലൈ 25, വെള്ളിയാഴ്‌ച

ഊർമ്മിള




പാരിൽ പ്രശസ്തമാം രാമായണത്തിൽ
പാടേ മറന്നൊരേടാണ്‌ ഞാൻ
ലക്ഷ്മണപത്നി മിഥിലാപുത്രി.
സോദരസ്നേഹത്തിൻ മൂർത്തിയായ് ലക്ഷ്മണൻ
ജ്യേഷ്ഠനെ അനുഗമിക്കുന്നേരം
കൂടെ ഗമിക്കുവാൻ പതിതൻ അനുചരയാകുവാൻ
ഏറ്റം കൊതിച്ചവൾ, അനുമതി തന്നീല,,,,,,
പതിവാക്കുകേട്ടു ഞാൻ പതിനാലുസംവത്സരം
അന്ത:പുരത്തിലിരുട്ടിൽ കഴിഞ്ഞവൾ
ധർമ്മമൂർത്തി ശ്രീരാമൻ സത്യസ്വരൂപൻ
പിതാവിൻ വാക്ക്‌പാലകൻ
സീത പതിവ്രത, പതിതൻ ദു:ഖ മാർഗെ
കൂടെ ചരിച്ചവൾ,
അടവി അയോദ്ധ്യയായ് നിനച്ചവൾ
ലക്ഷ്മണനോ ത്യാഗമൂർത്തി, 
സോദരസ്നേഹത്തിൻ പ്രതീകസൂര്യൻ
ഭരതനും ശത്രുഘ്നനും, 
ദശരഥനും കൌസല്യയും,
കൈകേയിയും സുമിത്രയും, 
ഭക്തഹനുമാനും വാനരസേനയും
രാവണരാക്ഷസാദികളും
രാമായണത്തിന്നേടു പങ്കിട്ടവർ
ഊർമ്മിള ഞാൻ, അന്ത:പുരത്തിനകത്ത്‌....
നെടുവീർപ്പിനുള്ളിൽ.... സ്വയം മറന്നവൾ.
പാരിൽ പ്രശസ്തമാം രാമായണത്തിൽ
പാടേ മറന്നൊരേട്‌...............

2014 ജൂലൈ 4, വെള്ളിയാഴ്‌ച

ചിത്രം





അവനൊരു ചിത്രകാരൻ,
രണ്ടു സമാന്തരരേഖകളാൽ
വരച്ച ചിത്രം........
എന്റെ ജീവിതം !

2014 ജൂൺ 30, തിങ്കളാഴ്‌ച

മഴയോർമ്മ



മനസ്സിന്റെ മച്ചകത്തിൽ
ഓർമ്മയുടെ ചോർച്ച !
ഇടവമാസത്തിലെ പാതിക്ക്‌
അമ്മയുടെ കണ്ണുനീർ നനവ്‌
കർക്കടകത്തിലെ മുഴുപ്പിന്‌
അച്ഛന്റെ നെഞ്ചിലെ മിടിപ്പ്‌
അമ്മയുടെ കണ്ണീരും,
അച്ഛന്റെ മിടിപ്പും
കാലം മാറിപ്പെയ്യുന്ന
ഈ മഴയ്ക്കുള്ള എന്റെ 
ഓർമ്മസംഗീതം !

2014 ജൂൺ 5, വ്യാഴാഴ്‌ച

കിളി



മനസ്സിൻ ചില്ലയിൽ
കൂടുകൂട്ടിയൊരെൻ കിളിയെ
പറിച്ചെടുത്തു നീ
ഞെരിച്ചു കൊന്നില്ലേ ?
ഉറക്കെ കരഞ്ഞു ഞാൻ
തളർന്നു വീണപ്പോൾ
മുഖം തിരിച്ചു നീ
നടന്നകന്നില്ലേ ?
ജയം നിനക്കെന്ന്‌
നിനച്ചുവോ വിധി
കിളിതൻ കൂടും
ഒരു പൊൻമുട്ടയും
ഇന്നുമുണ്ടെന്റെ
മനസ്സിൻ ചില്ലയിൽ
നാളെയൊരു പൊൻകിളി
എനിക്കായ് പാടും
നീയതു കേൾക്കാൻ
കാത്തിരിക്കുക

2014 മേയ് 30, വെള്ളിയാഴ്‌ച

അവൻ



ആദ്യം............... 

എന്റെ വാക്കുകൾ
അവന്റെ കാതുകൾക്ക്‌ കിളിമൊഴി
എന്റെ രൂപം
അവന്റെ കൺകൾക്ക്‌ നിറവസന്തം
അവന്റെ ഗീതങ്ങൾ
എന്നിലെ വർഷമേഘങ്ങൾ...............

അന്ത്യത്തിലെ തിരിച്ചറിവ്‌........

അവൻ ബധിരനാണ്‌,
അന്ധനാണ്‌.................
മൂകനാണ്‌......................

2014 മേയ് 18, ഞായറാഴ്‌ച

ചൂട്`



അച്ഛന്റെ അടിച്ചൂട്`
അമ്മയുടെ കണ്ണീർച്ചൂട്`
ഭാര്യയുടെ സ്നേഹച്ചൂട്‌
മക്കളുടെ വിരഹച്ചൂട്`
വാർദ്ധക്യത്തിന്റെ
ഒറ്റപ്പെടൽച്ചൂട്`
മരണത്തിലെ മരവിപ്പിൽ
ചിതച്ചൂട്`