2013, ഡിസംബർ 17, ചൊവ്വാഴ്ച

ചിത്രം




സ്വന്തം കുഞ്ഞിനെ 
കഴുത്തു ഞെരിച്ചു കൊന്ന

അമ്മയുടെ ചിത്രം
മനസ്സിലുള്ളതുകൊണ്ടാണ്‌
ഞാൻ അമ്മമാരെ വെറുക്കുന്നത്‌..
മകളെ വിലപേശി വിറ്റ അച്ഛൻ 
കഥയിലുള്ളതുകൊണ്ടാണ്‌
പുരുഷന്മാർക്കുനേരെ ഞാൻ
മുഖം തിരിക്കുന്നത്‌.
ബലാത്സംഗവീരനായ
ഭർത്താവിനു മുന്നിലാണ്‌
ഞാൻ ഭ്രാന്തിയാകുന്നത്‌
എന്റേതല്ലാത്ത കാരണങ്ങളാലാണ്‌
ഞാൻ കൊലപാതകിയായത്‌.

2013, നവംബർ 22, വെള്ളിയാഴ്‌ച

വേദനകൾ




വേദനകളെ പാരസെറ്റമോളിൽ
ഒതുക്കാമെന്ന അവന്റെ
അടിയുറച്ച വിശ്വാസത്തെ
കാറ്റിൽ പറത്തിക്കൊണ്ട്‌
അവൾ 
തന്റെ വേദനകളെ
ഉറക്കഗുളികകളിലർപ്പിച്ചു,
എന്നേക്കുമായി.........

2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

അഭയാർത്ഥി


അച്ഛനാണ്‌ ബിംബം
അമ്മ  പ്രതിബിംബം
ഞാൻ.....
ബിംബപ്രതിബിംബങ്ങൾ നഷ്ടപ്പെട്ട
വെറുമൊരഭയാർത്ഥി !


2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

എന്റെ സന്ദീപിന്‌



പ്രിയ സന്ദീപ്....  നിന്റെ കൺകളിലെ
ധൈര്യത്തിന്റെ ജ്വാല
എന്നിടനെഞ്ചിലഗ്നിയായി പടരുന്നു.
നിന്റെ ഹൃത്തിലെ ത്യാഗം
എന്നെ അമ്പരപ്പിക്കുന്നു.
പെറ്റമ്മതൻ കീർത്തി വാനോളമുയർത്തിയ മകനേ!
നിന്നെ കൊതിക്കാത്ത അമ്മമാരുണ്ടോ ?
നിന്റെ ചിറകിൻ കീഴെ
മയങ്ങാൻ വെമ്പാത്ത പെങ്ങൾമനമുണ്ടോ ?
നിന്നെ വാഴ്ത്താത്ത സോദരരുണ്ടോ?
നിന്നിലഭിമാനംകൊള്ളാത്ത
പിതാക്കന്മാരുണ്ടോ ?
നിന്നെ പ്രകീർത്തിക്കാത്ത
കുഞ്ഞിളം ചുണ്ടുകളുണ്ടോ ?
പ്രിയ സന്ദീപ്....നീ അറിയുന്നുവോ ?
ഞാൻ നിന്റെ കാമുകിയാണ്‌
എത്രയോ രാവുകളിൽ
എന്റെ സ്വപ്നമാന്തോപ്പിൽ വെച്ച്‌
നമ്മൾ സംവദിച്ചിരിക്കുന്നു
നിന്റെ വാക്കുകളിൽ മുഴുവനും
ഭാരതാംബയായിരുന്നുവെങ്കിൽ
എന്റെ വാക്കുകൾ മുഴുവനും
നിനക്കുവേണ്ടിയായിരുന്നു.
പ്രിയ സന്ദീപ്..... നീ അറിയുന്നുവോ ?
ഞാൻ നിന്നെ പ്രണയിക്കുന്നു...
ഞാൻ മരിക്കുവോളം
നിന്നെ ഇടനെഞ്ചിൽ സൂക്ഷിക്കുകയും
നിന്റെ ഗീതം വാനോളം പാടിനടക്കുകയും
നിന്നെ മാത്രം സ്നേഹിക്കുകയും ചെയ്യും
ഇതെന്റെ സഫലപ്രണയം....

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

എന്റെ സമ്മാനം



നിന്റെ ഓരോ പുഞ്ചിരിയിലും
പകൽപ്പൂക്കൾ കൊഴിയുന്നത്‌
വേദനയോടെ ഞാൻ നോക്കിനിന്നു....
ഇന്നലെയോളവും രാക്കിളി പാടിയിരുന്നത്‌
നിന്നെക്കുറിച്ചായിരുന്നുവെന്ന്‌
ഇന്നെനികോർക്കുവാനേ വയ്യ.
എന്റെ രാസ്വപ്നങ്ങളെയും
പകൽക്കിനാക്കളെയും
ഒരുപോലെ കൊല്ലുന്ന നിനക്കായി
ഞാനൊരു സമ്മാനം കരുതിവെച്ചിരിക്കുന്നു
എനിക്കായ് മിടിക്കുന്ന നിന്റെ ഹൃദയത്തെ
എനിക്കു ഞെരിച്ചു കൊല്ലണം
എന്റെ നല്ല സ്വപ്നങ്ങൾക്കുവേണ്ടി,
എന്റെ രാക്കിളിയുടെ പാട്ടിനും
പകൽപ്പൂക്കളുടെ പുഞ്ചിരിക്കും വേണ്ടി
നിന്റെ മരണമാണ്‌
ഞാൻ നിനക്കു നൽകുന്ന
എന്റെ സമ്മാനം.......

2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ഇന്നലെ, ഇന്ന്


ഇന്നലെ, ആ മരുഭൂവിൽ
ആത്മരാഗത്തിന്റെ വർഷമേഘമായ്
നീ പെയ്തിറങ്ങിയപ്പോൾ
ഞാനേറെ സന്തോഷിച്ചു
കാരണം, എന്റെ സ്വപ്നങ്ങളിൽ പോലും
മഴയെന്നതെനിക്കന്യമായിരുന്നു.
എന്നാൽ, ഇന്ന്‌,
ഈശീതീകാരിണിക്കുകീഴെ
നിന്റെ കരവലയത്തിൽ
ഞാൻ കരയുന്നു.......
കാരണം, നിന്നിലെ ചൂട്‌
എന്നെ ചുട്ടെരിക്കുന്നു.




2013, ജൂലൈ 27, ശനിയാഴ്‌ച

ചില്ല്‌


"എൻ കൈ തട്ടിയുടഞ്ഞൊരീ-
കണ്ണാടിച്ചില്ലുകൾ
പെണ്ണേ ! നിൻ ചാരിത്ര്യത്തോടുപമിക്കട്ടെ ഞാൻ"
ഇവ്വണ്ണം ചോദിച്ചു
പരിഹസിച്ചു ചിരിച്ചവന്റെ
ഇടനെഞ്ചിലേക്കാഞ്ഞാഞ്ഞിറങ്ങി
പൊട്ടിച്ചിരിച്ചു ഞാൻ
മറുമൊഴി ചൊല്ലി:
"ചില്ലാണു ഞാൻ, 
ഏറ്റം ഭംഗിയേറീടും ചില്ല്‌ !
കാത്തു സൂക്ഷിക്കുകിൽ
എന്നെത്തന്നെ നൽകും,
എന്നിൽ നീ നിറഞ്ഞുനിൽക്കും
തട്ടിയുടയ്ക്കുകിലോ
കുത്തിയിറങ്ങും ഞാൻ
നിന്നിലവസാനശ്വാസം
നിലയ്ക്കുംവരെ"




2013, ജൂലൈ 26, വെള്ളിയാഴ്‌ച

പ്രണയമഴ




നിലാവുള്ള രാത്രിയിൽ
പെയ്തിറങ്ങുന്ന
ചാറ്റൽമഴപോലെ പ്രണയം
മനസ്സ്‌ തുടിക്കുന്നൂ, ആ മഴയിൽ
ഞാൻ നനഞ്ഞു കുളിരുന്നു.
എന്റെ കൺകളിലൂടെ
ആനന്ദാശ്രുക്കൾ പൊഴിയുന്നു
ഒരു നർത്തകിതൻ ലാസ്യത്തോടെ
ആ മഴയെന്നെ പൊതിയുമ്പോൾ
ചോദിച്ചുപോയീ ഞാൻ
വൈകിയതെന്തേ പ്രിയേ നീ...?
ഉള്ളിലെഴുമാനന്ദമോടെ
കൺകുളിർന്ന കണ്ണീരോടെ
പ്രാർത്ഥിച്ചുപോയീ ഞാൻ
ഈ മഴ തോരാതിരുന്നെങ്കിൽ.....!
അമ്മതൻ കൈ വിടുവിച്ച്‌
മുത്തശ്ശിതൻ വിലക്ക്‌ കേൾക്കാതെ
മുറ്റത്തിറങ്ങുന്ന പൈതലേപ്പോൽ
ഞാനും.... മഴയിലേക്ക്‌ കുതിച്ചു....
അനുനിമിഷം കഴിയവെ
ആ മഴ തന്റെ ലാസ്യം വെടിഞ്ഞ്‌,
നിമിഷം വിനാ
രൗദ്രത്തെ കൈയിലേന്തി
ഭയന്നു ഞാൻ പേടിച്ചകന്നുമാറി
ദൂരെ നിന്നാക്കാഴ്ച നോക്കി നിന്നു...
എന്റെ കൺകൾ..
ആകണ്ണീരിന്നഗ്നി ലാവയായ്‌
വീണെൻ മുഖം വികൃതമാകുന്നു
കണ്ണാടികൾ എന്നെനോക്കി
പരിഹസിച്ചു ചിരിക്കുന്നു...
എന്നിൽനിന്നും ഞാൻ
അകന്നു പോകുന്നു...
മഴ ദൂരെ തകർത്തുപെയ്യുന്നു....
പ്രണയത്തെ ഞാൻ വെറുത്തുപോകുന്നു...


2013, മേയ് 5, ഞായറാഴ്‌ച

ഡയറി





നീലക്കവറുള്ള,
വെള്ളയിൽ കറുപ്പു
വരകളേന്തിയ
കടലാസുകളോടുകൂടിയ
എന്റെ ഡയറിയിൽ,
ഹൃദയച്ചുകപ്പിന്റെ
അക്ഷരങ്ങൾ
ഇന്നു ഞാൻ കുറിച്ചിട്ടു
നിനക്കു മാത്രം വേണ്ടി......

2013, ഏപ്രിൽ 24, ബുധനാഴ്‌ച

ഒരിക്കൽക്കൂടി നീ പാടൂ




ഒരിക്കൽക്കൂടി നീ പാടൂ
എന്മൗനദു:ഖങ്ങൾ പങ്കുവയ്ക്കൂ
മനസ്സിൻ ജാലകം 
തുറന്നു ഞാൻ വച്ചിടാം
എൻ മനോവാടിയിൽ 
വിരുന്നു വരൂ..
ശോകപുഷ്പങ്ങൾ
വിരിയുമെൻ വാടിയിൽ
ആനന്ദമലരായി നീ വിടരൂ...
നിന്നിളം ചുണ്ടിലെ
വേണുനാദം കൊണ്ടെൻ
ഹൃത്തിലെ വേദന നീയകറ്റൂ....
എന്നുമെൻ ജീവനിൽ 
ചേർന്നു നിൽക്കൂ



2013, ഏപ്രിൽ 9, ചൊവ്വാഴ്ച

വിഷുക്കൈനീട്ടം




കണ്ണടച്ച്‌ ഞാൻ തുറന്നപ്പോ-
ഴേക്കുമെൻ ചുറ്റിലുമങ്ങിരുട്ടായി
കാഴ്ച്ചയേകേണ്ട താതനെല്ലാ-
മിട്ടെറിഞ്ഞങ്ങു യാത്രയായ്‌
ഒരുരൂപ,മൊരുനിറം ചുറ്റിലും,
ഒരു ശബ്ദം, പതം പറച്ചിലും, കരച്ചിലും

"കരയരുത്‌, തളരരുത്‌, നീയാണിനി-
യിവർക്കഭയവും, കരുത്തും"
ആരോ ഓതിയെൻ കർണ്ണത്തി-
ലതെന്റെ കർണ്ണഭിത്തികൾ
തുളച്ചെൻ ഹൃദയത്തെ
കാൽക്കീഴിലടക്കി നിർത്തി.
ഒന്നും മിണ്ടാതെ, കൺകൾ നിറയാതെ,
ഹൃദയത്തിൽ പേമാരി പെയ്യുമ്പോഴും
ഞാൻ മൂകയായ്‌....

ഒരുവേള വീണ്ടും വിളിച്ചവരെന്നെ
എന്റെയച്ഛനെ അന്ത്യയാത്രയയക്കുവാൻ
ഒരുനോക്കുപോലും കണ്ടതില്ല
അതിന്മുമ്പെന്റെ കൺകളടഞ്ഞു,
ഞാൻ താഴേക്കു നിപതിച്ചുപോയ്‌
ആരൊക്കെയോ വന്നെന്നെ താങ്ങിയെടുത്തു
പിന്നാരൊക്കെയോ നീർ കുടഞ്ഞു
വീണ്ടും തിരിച്ചു വന്നൂ നശിച്ച ബോധമെൻ
കൺകളാർത്തിരമ്പി
ഞാൻ തേങ്ങിപ്പോയി...........

വീണ്ടും വന്നൂ താക്കീതുപോലെയാശബ്ദം
കാതുകളിലശനിപാതമായ്‌
"കരയരുത്‌, തളരരുത്‌,നീയാണിനി-
യിവർക്കഭയവും, കരുത്തും"
നിന്നൂ തടകെട്ടിയപോലെന്റെ കണ്ണീർ
ഹൃത്തിൽ കൊടുംകാറ്റങ്ങാഞ്ഞുവീശി
കണ്ണടച്ചു ഞാനേവം മുനിപോലിരിക്കവെ
എന്നന്തരംഗത്തിലിരുന്നച്ഛൻ ചിരിക്കുന്നൂ...

'നന്നായച്ഛാ ! വിഷുക്കൈനീട്ട-
മീയോമനമകൾക്കച്ഛനേകി-
യൊരന്ത്യ സമ്മാനം ....!'


2013, മാർച്ച് 24, ഞായറാഴ്‌ച

വാർദ്ധക്യം





"അമ്മേ" !
ആ വിളി കേട്ട്‌ അടുക്കളയിൽനിന്നും ഒരു സ്ത്രീ പുറത്തേക്ക്‌ വന്നു.  കറുത്തു മെലിഞ്ഞ്‌ ഏതാണ്ട്‌ എഴുപത്‌ വയസ്സോളം വരുന്ന ഒരു സ്ത്രീ.
"അമ്മയെ വിളിച്ചോ മോനേ ?"
ആ സ്ത്രീ ദീനസ്വരത്തിൽ ചോദിച്ചു.
"വിളിച്ചു"
അയാളുടെ സ്വരം പരുഷമായിരുന്നു.
"അമ്മ ഒരു സ്ഥലം വരെ എന്റെകൂടെ വരണം. അമ്മയുടെ സാധനങ്ങളെല്ലാം എടുത്തോളൂ".
എവിടേക്കാ എന്നൊരു ചോദ്യം അവർ ചോദിച്ചില്ല.
അയാൾ അവരുടെ വസ്ത്രങ്ങൾ പായ്ക്ക്‌ ചെയ്ത്‌ കാറിൽ കയറി. അപ്പോഴേക്കും അമ്മയും വന്നു .
അമ്മ വലിയ വിദ്യാഭ്യാസം നേടിയസ്ത്രീയല്ല. മകന്റെയും മകളുടെയും ഫ്രൻഡ്‌സൊക്കെ വീട്ടിൽ വരുന്നതാണ്‌. അമ്മയ്ക്ക്‌ അവരോട്‌ പെരുമാറാനറിയില്ലെന്ന്‌ പലപ്പോഴും മക്കൾ പരാതിപ്പെട്ടതായി അയാൾ ഓർത്തു. മക്കൾക്കുമാത്രമല്ല, ഭാര്യയ്ക്കും തന്റെ അമ്മയെപ്പറ്റി പരാതികൾ ഈയിടെയായി കൂടുതലാണ്‌. തനിക്കെന്തു ചെയ്യാനൊക്കും ?
ഒടുവിൽ സുഹൃത്തുക്കളാണ്‌ ഈ വഴി പറഞ്ഞുതന്നത്‌. ഇന്നത്തെക്കാലത്ത്‌ ഇതൊന്നും അത്ര വലിയ കുറ്റമല്ല.
വണ്ടി ഒരു വലിയ ബിൽഡിംഗിനു മുന്നിൽ നിർത്തി. അയാൾ ഇറങ്ങി. ഒപ്പം അമ്മയേയും ഇറക്കി. അമ്മ ചുറ്റുപാടും കൗതുകത്തോടെ കണ്ണോടിച്ചു. തന്നെപ്പോലെ എത്രയോപേർ.
അയാൾ അമ്മയേയുംകൂട്ടി ആ വലിയ ബിൽഡിംഗിലെ ഒരു റൂമിലേക്ക്‌ ചെന്നു. അവിടെയിരിക്കുന്ന ആളോട്‌` എന്തൊക്കെയോ പറഞ്ഞ്‌ അമ്മയേയുംകൂട്ടി മറ്റൊരു റൂമിലേക്ക്‌ പോയി.
"അമ്മേ ! അമ്മയിനി ഇവിടെയാണ്‌ താമസിക്കാൻ പോകുന്നത്‌. വിരോധമൊന്നുമില്ലല്ലോ ? ഇവിടെ അമ്മയോട്‌ കൂട്ടുകൂടാൻ ഒരുപാട്‌ പേർ കാണും."
അയാൾ തിരിഞ്ഞു നടന്നു.
അമ്മ കരയാൻപോലുമാകാതെ തരിച്ചു നിന്നു.
അയാൾ കാറിൽ കയറി. കാർ സ്റ്റാർട്ട്‌ ചെയ്തു.
ഗെയ്റ്റ്‌മേൻ ഗെയ്റ്റ്‌ തുറന്നുകൊടുത്തു.
അപ്പോൾ ഗെയ്റ്റ്‌മേൻ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു.
"നീയും വരും ഇവിടെ.......     നിനക്കും വാർദ്ധക്യമുണ്ടല്ലോ... !"


2013, മാർച്ച് 18, തിങ്കളാഴ്‌ച

അവനും അവളും




പ്രാണനാഥൻ
അന്ധനെന്നുകണ്ട്‌
സ്വസുഖം ത്യജിച്ച്‌,
അന്ധതയെ സ്വയം വരിച്ച്‌
അവൾ "പതിവ്രത"യായി....
പാതിവ്രത്യം അവളുടെ ധർമ്മമത്രെ........!!?
വിധിക്കപ്പെട്ട ധർമ്മങ്ങളിൽ
"പത്നീവ്രതം" ഇല്ലാത്തതിനാലാകണം
ബഹുഭാര്യാത്വം അവന്റെ
വിനോദമായി തീർന്നത്‌...


2013, മാർച്ച് 13, ബുധനാഴ്‌ച

വാക്ക്‌




അമ്മയിലൂടെ ഞാൻ 

ആദ്യം കേട്ട വാക്ക്‌ : 'അച്ഛൻ'
ആദ്യം ഞാൻ ഉച്ചരിച്ച വാക്ക്‌ :  'അമ്മ'
ബാല്ല്യത്തെ ചിരിപ്പിച്ച വാക്ക്‌  :  'കൂട്ടുകാരി'
അകക്കണ്ണിൻ വാതിലുകൾ 
തുറപ്പിച്ച വാക്ക്‌  :  'വിദ്യ'
യൗവ്വനത്തെ ത്രസിപ്പിച്ച വാക്ക്‌  :  'പ്രണയം'
ജീവിതത്തെ സാന്ത്വനിപ്പിച്ച  വാക്ക്‌  :  'ഭാര്യ'
വാർദ്ധക്യത്തെ  കരയിപ്പിച്ച വാക്ക്‌ :  'മക്കൾ'

2013, മാർച്ച് 9, ശനിയാഴ്‌ച

ഭിക്ഷ




വഴിയരികിലെ ഭിക്ഷക്കാരന്‌
അഞ്ചുരൂപ 'ഭിക്ഷ'
വഴിക്കണ്ണ്‌ നട്ടിരിക്കുന്ന മക്കൾക്ക്‌
പലഹാരപ്പൊതി 'ഭിക്ഷ'
മുഖം കറുപ്പിക്കുന്ന ഭാര്യയ്ക്ക്‌
പട്ടുസാരി 'ഭിക്ഷ'
പരാതികളില്ലാത്ത,
അടുക്കളക്കോലായിലെ
മെലിഞ്ഞ രൂപത്തിന്‌ - അമ്മയ്ക്ക്‌
ഈ  ജീവിതം 'ഭിക്ഷ'  ! ?






2013, മാർച്ച് 2, ശനിയാഴ്‌ച

ചിലന്തി




ഉമ്മറക്കോലായിൽ
ഒരു ചിലന്തി നെയ്ത
സുവർണ്ണനൂലുകളുള്ള വലയിൽ
ഒരു പ്രാണി
ജീവനുവേണ്ടി പിടയുന്നു
അകത്ത്‌,
ഫാനിലെ
സാരിത്തുമ്പിൽ
ഒരേ ഒരു മകളും !

2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

നിയമം






അന്ന്‌:

അന്ന്‌ മനു ചൊല്ലി :
"ഇവളെ പൂജിക്കുകിൽ
രമിക്കും ദേവകളവിടെ
ഇവളെ പരിത്യജിക്കുകിൽ
വസിക്കും ചേട്ടകളവിടെ"
ബുധനാം മാനവനന്നതേറ്റു ചൊല്ലി
മനുവിന്റെ നിയമം ഭരിച്ചു,
വിണ്ണിൽ ദൈവം രമിച്ചു

ഇന്ന്‌:

ബുധത്വം ചമഞ്ഞവർ
പാമരർ, പിശാചുക്കൾ
മനുവിന്റെ നിയമത്തെ
തെരുവിൽ അഗ്നിക്കിരയാക്കി,
ശ്രീഭഗവതിയെ പടിയടച്ചു പുറത്താക്കി,
ചേട്ടയെ കുടിയിരുത്തി,
പെണ്ണിനെ വിലപേശി വിറ്റു
മനുവിന്റെ നിയമം മരിച്ചു. !!


2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

സാത്താന്റെ സന്തതികൾ





'പുരുഷവർഗ്ഗത്തിന്‌
ആവോളം ഭോഗിക്കുവാൻ
ഈശ്വരൻ
സ്ത്രീയെ സൃഷ്ടിച്ചെന്ന്‌' : ഒരു വിടൻ,
പുത്രീതുല്യയെ
സ്വകാമത്തീയിൽ
ചുട്ടെരിച്ച്‌, വലിച്ചെറിഞ്ഞ്‌,
മാന്യത ചമഞ്ഞു
നടപ്പൂ ഒരു കാമഭ്രാന്തൻ.
പരാതിക്കാരിയെ
പൊതുനിരത്തിൽ കല്ലെറിഞ്ഞ്‌,
ലക്ഷങ്ങൾ ലോക്കറിലാക്കി,
'വേശ്യ്‌'യെന്നാക്ഷേപിച്ച്‌
നീതിപീഠത്തിൽ ഞെളിഞ്ഞിരിപ്പൂ
മറ്റൊരു നരാധമൻ.
കലികാലം !
കൽക്കീ, നിന്നുടവാളെനിക്കു നൽകൂ,
കൊത്തിയരിയട്ടെ ഞാനീ
സാത്താന്റെ സന്തതികളെ.


2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

വിപരീത ലിംഗം





"പിഴച്ചവൾ".....?
"പതിവ്രത".......?

വിപരീത ലിംഗങ്ങളില്ലാത്ത
നിത്യ സ്ത്രീലിംഗങ്ങൾ  !!

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

വില



കുഞ്ഞുപെങ്ങൾക്ക്‌... രണ്ട്‌,
ചേച്ചിക്ക്‌...ഒന്നര,
അമ്മയ്ക്ക്‌......?

റൊക്കം നൽകുന്നവന്‌
അമ്മ ഫ്രീ...... !!

ലക്ഷങ്ങൾ കൈയിൽ വന്നാൽ
കല്ല്യാണം.....
ഒരു പെൺകുഞ്ഞ്‌ ജനിക്കാൻ
ദൈവങ്ങൾക്ക്‌
കൈക്കൂലി .....

അവൾക്കും കിട്ടും ലക്ഷങ്ങൾ....
കൂട്ടിയാലും, കിഴിച്ചാലും
പെണ്ണിന്റെ വില,
ലാഭത്തിൽത്തന്നെ...



2013, ജനുവരി 30, ബുധനാഴ്‌ച

സോദരീ നിനക്കായ്‌





കണ്മുന്നിൽ നിറയുന്ന നിന്മുഖം കാണവെ
അകക്കണ്ണിൽ നുരയുന്നു നൊമ്പരം
അകതാരിലെരിയുന്നൂ തീക്കനൽ
ഓടുന്ന വണ്ടിയിൽ, നിന്നെയാകശ്മലൻ
നിർദ്ദയം ഹാ! പിച്ചിച്ചീന്തിയല്ലേ ?
കപട സംസ്ക്കാര ചിത്തരോ നിർദ്ദയം
തൻ കാര്യം നോക്കി നിന്നുവല്ലേ?
നെറികെട്ടൊരാ പേനായയ്ക്കു മുന്നിൽ
മാനത്തിനായി നീ പൊരുതിയല്ലേ?
മാപ്പു തന്നീടുക, നിൻ ദീനരോദനമെൻ
ബധിര കർണ്ണത്തിൽ പതിഞ്ഞതില്ല
'ചത്തില്ലേ?' യെന്നവൻ ചോദിച്ച മാത്രയിൽ
കുത്തിമലർത്താൻ കഴിഞ്ഞതില്ല,
ആ നീചൻ തന്നുടെ നിഷ്ഠുര കാമത്തെ
കൊത്തിയരിയുവാൻ കഴിഞ്ഞതില്ല,
എങ്കിലും സോദരീ, പറയട്ടെ ഞാനിന്ന്‌
തോരാതെ പെയ്യുമീ അക്ഷികൾ സാക്ഷിയായ്‌
'ഈർച്ചവാളിന്റെ മൂർച്ചയുണ്ടെൻ കൈയിൽ,
കരിങ്കല്ലുറപ്പുള്ള മനസ്സുമുണ്ട്‌,
ഉയിരകലുവോളം ഞാൻ കാവൽ നിന്നിടും,
സോദരിമാർ തന്റെ മാനം കാക്കും'

2013, ജനുവരി 28, തിങ്കളാഴ്‌ച

ശിഖണ്ഡി




പിഴച്ചവളെ
തെരുവിലിട്ട്‌,
പിഴപ്പിച്ചവൻ
കല്ലെറിയുന്നു....
ജന്മം കൊണ്ടവളെ
ജന്മം കൊടുത്തവൻ
ഹനിക്കുന്നു...
നിഴലായ്‌ വന്നവളെ
കൈ പിടിച്ചവൻ
കൊത്തിയരിയുന്നു...
ജനനിയുടെ ജനനേന്ദ്രിയത്തിലേക്ക്‌
കാമത്തിന്റെ കമ്പിപ്പാരകളെ
കുത്തിയിറക്കുന്നു...
കണ്ണടയ്ക്കുമ്പോൾ
ചുറ്റിലും പേനായ്ക്കൾ
ചീറിയടുക്കുന്നു....
സ്ത്രീത്വമാണെന്റെ ശാപമെന്ന്‌
ഞാൻ തിരിച്ചറിയുന്നു
എന്റെ സ്ത്രീത്വത്തെ
വലിച്ചെറിഞ്ഞ്‌,  സ്വയം
ഒരു 'ശിഖണ്ഡി'യായ്ത്തീരുവാൻ
ഞാൻ കൊതിച്ചുപോകുന്നു....

2013, ജനുവരി 24, വ്യാഴാഴ്‌ച

സ്നേഹം





ഞാൻ നിന്റെ മനസ്സിനെ സ്നേഹിച്ചു,
നീ എന്റെ ശരീരത്തെയും..
നമ്മൾ പിരിഞ്ഞു.
എന്റെ ദേഹം മണ്ണിൽ ലയിച്ചു,
മനസ്സ്‌ നിന്നിലും.