ചിരിക്കുമെന്നധരത്തിനുള്ളിലെരിയുന്ന
കനലാണെനിക്കെന്റെ പ്രണയം
അഴകാർന്നൊരെൻ നീണ്ടമിഴികളിൽ തോരാത്ത
മഴയാണെനിക്കെന്റെ പ്രണയം
കേൾക്കാൻ മധുരമായീടുമെൻ പാട്ടിലെ
ശ്രുതിപോയ ശീലാണെനിക്കെന്റെ പ്രണയം
മധുരം കൊതിക്കുമെൻ രസനയ്ക്ക് സത്യത്തിൽ
അന്യമാം കനിയാണെനിക്കെന്റെ പ്രണയം
പുൽകുവാൻ വെമ്പുന്നൊരെൻ കരങ്ങൾക്കുള്ളിൽ
കള്ളിമുൾച്ചെടിയാണെനിക്കെന്റെ പ്രണയം
സ്വപ്നങ്ങൾക്കായ് കേഴും പാവമെൻ മനസ്സിലെ
ദു:സ്വപ്നമാണിന്നെനിക്കെന്റെ പ്രണയം
സ്പന്ദിച്ചിടാൻ മറക്കാത്തൊരെൻ ഹൃത്തിലെ
തീരാത്ത നോവാണെനിക്കെന്റെ പ്രണയം
എങ്കിലും പ്രണയമേ ! പ്രണയിച്ചുപോകുന്നു
എൻ ഹൃദ്‌സ്പന്ദനം നിൽപ്പോളം നിന്നെ ഞാൻ.
മറുപടിഇല്ലാതാക്കൂനല്ല വരികൾ. അർത്ഥസംപുഷ്ടമായ പദപ്രയോഗങ്ങൾ. ഭാവുകങ്ങൾ