"പണിക്കർ ഇനിയും ഒരു തീരുമാനം പറഞ്ഞില്ല ! പണിക്കർക്കാച്ചാ വയ്യ, രാഷ്ട്രീയം പറഞ്ഞു നടക്കുന്ന, പാരമ്പര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത മകനാണെങ്കിൽ ഇതിനൊട്ട് തുനിയേമില്ലാ, ഞങ്ങളെന്താപ്പോ ചെയ്യേണ്ടേ ? മറ്റൊരാൾക്ക് അടയാളം കൊടുക്കാച്ചാ ക്ഷേത്രാചാരങ്ങൾ തെറ്റിക്കേണ്ടിയും വരും.... അഞ്ചുകൊല്ലം കൂടീട്ടാ ഇങ്ങനെയൊരു തീരുമാനമെടുത്തെ.... പണിക്കർക്കുവേണ്ടീട്ട് പരദേവതേന്റെ ദോഷം മേടിച്ചുകൂട്ടണോ ഞങ്ങള്...?"
കളത്തിലെ കാരണവര് നീരസം പൂണ്ടു.
പറഞ്ഞതത്രേം സത്യമാണെന്ന് പൂർണ്ണബോധ്യമുണ്ടായിട്ടും കൃഷ്ണൻ പണിക്കർ ഇങ്ങനെ മറുപടി പറഞ്ഞു.
"ല്യാ... അടിയങ്ങള്‌കാരണം പരദേവത വല്യമ്പ്രാക്കളോട് കോപിക്കില്ല്യ. അടിയന്റെ മോൻ കെട്ടും പരദേവതേനെ. അടിയനാ പറയണേ...."
പറഞ്ഞത് തീത്തും വിശ്വസിച്ചില്ലെങ്കിലും കാരണവർ ഒന്നിരുത്തി മൂളി.
"രണ്ടീസത്തെ സമയം തരാം, അടുത്ത മാസം രണ്ടാം തീയ്യതിയാണ് തെയ്യം.
ശനിയാഴ്ച വന്ന് അടയാളം വാങ്ങണം. ഇല്ലാച്ചാൽ.....,
അമ്മേ... പരദേവതേ...കാത്ത്‌കൊള്ളണേ..."
മറുത്തൊന്നും പറയാതെ ഇടറിയ കാൽ വെപ്പുകളോടെ പണിക്കർ കളത്തിലെ തറവാടിന്റെ പടിക്കെട്ടുകളിറങ്ങി. പാടവും, തോടും കടന്ന് വീട്ടിലെത്തി. വാതിലുതുറക്കാൻ മിനക്കെടാതെ താടിക്ക് കയ്യും കൊടുത്ത് ചാരുകസേരയിൽ മകന്റെ വരവും കാത്ത് ചിന്താധീനനായി ഇരുന്നു.
മകനെ നേർവഴിക്ക് നടത്തേണ്ടവൾ അവന്റെ കൊച്ചുകാലുറക്കും മുൻപേ ഇട്ടേച്ചുപോയതിന്റെ സങ്കടം പണിക്കരാരോട് പറയാൻ? ഓടിട്ട ഒരു കൊച്ചുവീടും, പത്തുസെന്റ് പുരയിടവും, രാഷ്ട്രീയം ഭക്ഷിക്കുന്ന ഒരു മകനുമാണ് പണിക്കരുടെ ആകെ സമ്പാദ്യം.
രാവിന്റെ അന്ത്യയാമത്തിലേപ്പൊഴോ വീടേറിവന്ന മകൻ കണ്ടത് വീട് തുറക്കാതെ, ലൈറ്റിടാതെ, ചാരുകസേരയിൽ ഇരുട്ടിന് കാവലായ് അച്ഛൻ കണ്ണടച്ചു കിടക്കുന്നതാണ്. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും, അച്ഛനെ അവൻ മെല്ലെ തട്ടിവിളിച്ചു.
"പരദേവതേ......!! ഹെന്റെ പരദേവതേ.....!!"
ഞെട്ടിയുണർന്ന പണിക്കർ അലറിവിളിച്ചു.
"ഈ അച്ഛന് പ്രാന്താണ്, പരദേവത. മണ്ണാംകട്ട.... അച്ഛൻ വന്നേ, വല്ലതും കഴിച്ചിട്ട് അകത്തുപോയിക്കിടക്കാം...."
അച്ഛന്റെ ആദർശ്ശങ്ങളോട് പരമപുഛമാണെങ്കിലും, അച്ഛനോട് ബഹുമാനവും സ്നേഹവുമുണ്ട് ആ മകന്. അവൻ പണിക്കരെ പിടിച്ചെഴുന്നേൽപ്പിച്ചു.
പ്രഭാതത്തിൽ കട്ടൻകാപ്പിയുമായി ചെന്ന് അവൻ അച്ഛനെ വിളിച്ചു. മകൻ വീട്ടിലുള്ള ദിവസം അതാണ് അവിടുത്തെ പതിവ്.
"മോനേ....എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്. വാ..ബ്ടെ ഇരിക്ക്"
അയാൾമകനെ തന്റെ അരികിലിരുത്തി.
"കളത്തില് തെയ്യംകെട്ടുന്ന കാര്യാച്ചാ അച്ഛൻ പറയണമെന്നില്ലാ. ഞാൻ അനുസരിക്കില്ല. നാട്ടാരെപ്പറ്റിക്കണ പരിപാടീയാ അത്. അച്ഛനോട് അന്നേ പറഞ്ഞതാ ഞാൻ".
മകന്റെ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണൻ പണീക്കരുടെ മിഴികൾ നിറഞ്ഞൊഴുകി. അതു കണ്ടപ്പോൾ ആ മകനൊന്ന് പകച്ചു.
"അച്ഛാ..ഞാൻ.."
"വേണ്ട.... ന്റെ മോന് പറ്റില്ല്യാച്ചാ വേണ്ട. വയസ്സ് എഴുപതുകഴിഞ്ഞെന്നേ ഉള്ളൂ.പിന്നെയീ ശ്വാസം മുട്ടല്, അത് കണ്ടില്ലാന്നുവെക്കും. ന്നാലും പഠിച്ചതൊന്നും മറന്നിട്ടില്ല ഞാൻ... കൃഷ്ണൻ പണിക്കര് ഈ ഊരിന്റെ പണിക്കരാ... ഞാൻ...ഞാൻ കെട്ടും പരദേവതേനെ..."
കൃഷ്ണൻ പണിക്കർ മുറ്റത്തേക്ക് നടന്നു.
"ഓര് തന്നതാ ഈ പണിക്കര് സ്ഥാനോം, വളേം. ഇത്രേം കാലം ഞാനിത് നിലനിർത്തി. ഈ അവസാനകാലത്ത് ദുഷ്പേരും, പരദേവതേന്റെ ദോഷോം വാങ്ങിവയ്ക്കാച്ചാ, ...തിലും ഭേദം മരണംതന്യാ..."
കൃഷ്ണൻ പണിക്കരുടെ പിറുപിറുക്കൽ ആ മകനെ തെല്ലൊന്നു വേദനിപ്പിച്ചു.
അന്നു വൈകുന്നേരം അച്ഛന്റെ അരികിൽ വന്നുനിന്നു പറഞ്ഞു.
"ഒറ്റത്തവണത്തേക്ക്..ഒറ്റത്തവണത്തേക്കുമാത്രം ഞാൻ തെയ്യം കെട്ടാം. എന്റെ പാർട്ടിക്ക് അത് എതിരാണ്. എങ്കിലും... പക്ഷെ, അത് ദോഷത്തേയോ പരദേവതയേയോ പേടിച്ചല്ല... ന്റെ അച്ഛന്റെ തല കുനിയാതിരിക്കാനാ... ഈ മനസ് വേദനിക്കാതിരിക്കാനും."
"ഹെന്റെ മോനേ..."
അടക്കാനാകാത്ത സന്തോഷത്തോടെ പണിക്കർ മകനെ പുണർന്നു.
രണ്ടാം തീയ്യതി പുലർച്ചയോടെ കളത്തിലെ തിരുമുറ്റത്ത് പരദേവതയുടെ തോറ്റം പാട്ടുയർന്നു.. ഉച്ചയ്ക്ക് പരദേവതയുടെ കോലസ്വരൂപവും...
കൃഷ്ണൻ പണിക്കരേപ്പോലെ മിടുക്കൻ തന്നെയാ മോനും...."
കളത്തിലെ കാരണവർക്ക് എന്തെന്നില്ലാത്ത സന്തോഷം. കേട്ടു നിന്ന പണിക്കരുടെ കണ്ണു നിറഞ്ഞു.
"എല്ലാം പരദേവതയുടെ അനുഗ്രഹം !"
പരദേവതയുടെ ഉറയലും, അട്ടഹാസവും ഗ്രാമത്തെ ഭക്തിയുടേ പാരമ്യതയിലെത്തിച്ചു. അരിയും, കുറിയും വാങ്ങാൻ ഭക്തജനങ്ങൾ തിക്കുംതിരക്കും കൂട്ടി...
പെട്ടെനാണ് അത് പണിക്കരുടെ കണ്ണിൽപ്പെട്ടത്. കൂട്ടത്തിലൊരുവന്റെ കയ്യിൽ മൂർച്ചയേറിയ തിളങ്ങുന്ന കഠാര ! പണിക്കർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ അവനാ കഠാര പരദേവതയുടെ കഴുത്തിൽ കുത്തിയിറക്കി. പീഠത്തിൽനിന്ന് പരദേവത ഒന്ന് ചെരിഞ്ഞ് ഒരലർച്ചയോടെ പിറകോട്ട് മലർന്നു.
പണിക്കർ ബോധരഹിതനായി നിലംപതിച്ചു. ജനം ഒരുനിമിഷം സ്തംഭിച്ചുനിന്നു. പിന്നെ ചേരി തിരിഞ്ഞ് നിറങ്ങൾ തമ്മിലടിച്ചു.
പരദേവതയുടെ തിരുമുറ്റത്ത് രക്തപ്പുഴയൊഴുകി. ബോധമുണർന്ന പണിക്കർ നിലതെറ്റി പരദേവതയെ കുലുക്കിവിളിച്ചു.മുദ്രാവാക്യം വിളിക്കാൻ സ്വന്തമായി പർട്ടിയില്ലാത്ത പരദേവത ജില്ല വിട്ട് ഓടിപ്പോയി. ഓടുന്ന ഓട്ടത്തിനിടയിൽ വഴിക്കുവെച്ച് വിദേശികളിലാരോ പരദേവതയെ തട്ടീക്കൊണ്ടുപോയെന്ന് പത്രം റിപ്പോർട്ട് ചെയ്തു. ഏതായാലും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാട്ടുകാരുടെ പരദേവതയെ അതിൽപ്പിന്നെ ആരും കണ്ടിട്ടില്ല.
നല്ല കഥ. ആരും കൈവെക്കാത്ത രഷ്ട്രീയത്തിന്റെ പുതിയ മുഖം. ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ
മറുപടിഇല്ലാതാക്കൂനന്നാവുന്നുണ്ട്, ബ്ലോഗ് ലോകത്തേക്ക് സ്വാഗതം,,, ഇനിയും ധാരാളം എഴുതുക,
മറുപടിഇല്ലാതാക്കൂഇത് വായിച്ചത് ഏറ്റവും അവസാനം..!
മറുപടിഇല്ലാതാക്കൂഭംഗിയായി ,വ്യത്യസ്ഥമായി അവതരിപ്പിച്ചു.
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല..!പത്തുപേരു വായിക്കണം, ഞാന്‍ പോയി ആളെക്കൂട്ടാന്‍ നോക്കട്ടെ..!
ഒത്തിരിയാശംസകള്‍ നേരുന്നു..!
സസ്നേഹം..പുലരി
അല്ല പ്രഭേട്ടാ ആളെ കൂട്ടാന്‍ ടാക്സിയില്‍ ആണോ പോയതു ??
ഇല്ലാതാക്കൂസൈക്ലേ ലാരുന്നു..! മടുത്തു കൊച്ചൂ..!
ഇല്ലാതാക്കൂന്നാലും സാരോല്ല, ഒരു നല്ലകാര്യത്തിനല്ലേ..!
ക്ലൈമാക്സ് എനിക്കങ്ങോട്ട് കത്തിയില്ല.. എന്റെ വായനയുടെ കുഴപ്പമാകാം...
മറുപടിഇല്ലാതാക്കൂഎഴുത്ത് തുടരൂ...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപരദേവതയുടെ ഉറയലും, അട്ടഹാസവും ഗ്രാമത്തെ ഭക്തിയുടേ പാരമ്യതയിലെത്തിച്ചു. അരിയും, കുറിയും വാങ്ങാൻ ഭക്തജനങ്ങൾ തിക്കുംതിരക്കും കൂട്ടി...
മറുപടിഇല്ലാതാക്കൂപെട്ടെനാണ് അത് പണിക്കരുടെ കണ്ണിൽപ്പെട്ടത്. കൂട്ടത്തിലൊരുവന്റെ കയ്യിൽ മൂർച്ചയേറിയ തിളങ്ങുന്ന കഠാര ! പണിക്കർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ അവനാ കഠാര പരദേവതയുടെ കഴുത്തിൽ കുത്തിയിറക്കി. പീഠത്തിൽനിന്ന് പരദേവത ഒന്ന് ചെരിഞ്ഞ് ഒരലർച്ചയോടെ പിറകോട്ട് മലർന്നു.
പണിക്കർ ബോധരഹിതനായി നിലംപതിച്ചു. ജനം ഒരുനിമിഷം സ്തംഭിച്ചുനിന്നു. പിന്നെ ചേരി തിരിഞ്ഞ് നിറങ്ങൾ തമ്മിലടിച്ചു.
ഭയങ്കരമായൊരു ട്വിസ്റ്റാ ട്ടോ ഇത്. ഇതുവരെ കുഴപ്പമില്ലാതെ പോയി, എന്നിട്ടീ ചില തട്ടുപൊളിപ്പൻ സിനിമകൾ അവസാനിപ്പിക്കുന്ന പോലെ ഒരപാര ട്വിസ്റ്റോടെ അവസാനിപ്പിച്ചു. ആ ക്ലൈമാക്സിനാണ് എന്റെ മാർക്സ് മുഴുവൻ. അല്ലാത്ത ഭാഗങ്ങളൊന്നും അത്രയ്ക്കൊരു സംഭവമായിട്ടെനിക്ക് തോന്നിയില്ല. ബട്ട് ആ ക്ലൈമാക്സ് അതൊരു കിടു. ആശംസകൾ.
ബോധമുണർന്ന പണിക്കർ നിലതെറ്റി പരദേവതയെ കുലുക്കിവിളിച്ചു.മുദ്രാവാക്യം വിളിക്കാൻ സ്വന്തമായി പർട്ടിയില്ലാത്ത പരദേവത ജില്ല വിട്ട് ഓടിപ്പോയി. ഓടുന്ന ഓട്ടത്തിനിടയിൽ വഴിക്കുവെച്ച് വിദേശികളിലാരോ പരദേവതയെ തട്ടീക്കൊണ്ടുപോയെന്ന് പത്രം റിപ്പോർട്ട് ചെയ്തു. ഏതായാലും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാട്ടുകാരുടെ പരദേവതയെ അതിൽപ്പിന്നെ ആരും കണ്ടിട്ടില്ല... സ്വല്പം confusing ആണെങ്കിലും ഈ കഥയെ മികച്ച്താക്കുന്നത് ഈ ക്ലൈമാക്സ് തന്നെയാണ് :)
മറുപടിഇല്ലാതാക്കൂവളരെ വലിയ ഒരു ആശയം.. ഭംഗിയായി പറഞ്ഞു. എനിക്കും ഇഷ്ടമായി. നല്ല ഒതുക്കമുള്ള ഭാഷയും. കഥകളില്‍ വളരെ മികച്ച ഒരു ഭാവി കാണുന്നു
മറുപടിഇല്ലാതാക്കൂഭംഗിയായി എഴുതിയ, ഒരു നല്ല കഥ വായിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാ ഞാനിപ്പോള്‍.
മറുപടിഇല്ലാതാക്കൂപ്രഭാന് കൃഷ്ണനാ ഇവിടെ എന്നെ എത്തിച്ചത്. ആ ചെങ്ങാതി അല്ലേലും ഇങ്ങനെയാണ്. നല്ലതെന്ന് തോന്നി കഴിഞ്ഞാല്‍ അറിയുന്നവര്‍ക്കെല്ലാം പങ്കു വെക്കും.
ഇനിയും എഴുമ്പോള്‍ അറിയിചോളൂ ടീച്ചറെ ഞാന്‍ വന്നു വായിക്കാന്‍ റെടിയാണ്. ആശംസകളോടെ.
അക്ഷരങ്ങളുടെ വലുപ്പം കുറച്ചും കൂടെ കൂട്ടാമായിരുന്നു.
അവസാന ഭാഗം കൊള്ളാം നന്നായി അവതരിപ്പിച്ചു ...!
മറുപടിഇല്ലാതാക്കൂതുടക്കം ഇഷ്ടമായില്ല എങ്കിലും അവസാനം നന്നായി .ക്ലൈമാക്സിലെ ട്വിസ്റ്റ് ആണ് ഇഷ്ടമായത് .
മറുപടിഇല്ലാതാക്കൂഎനിക്കിഷ്ട്ടായി...
മറുപടിഇല്ലാതാക്കൂആശംസകള്
follow gadget കാണുന്നില്ല...വേണ്ടാഞ്ഞിട്ടാണോ !
മറുപടിഇല്ലാതാക്കൂഅറിയാഞ്ഞിട്ടാണങ്കില് എന്റെ ബ്ലോഗില്‍ വന്നു ചോദിച്ചാല്‍ മതി.. !!
http://ptashrafzone.blogspot.com/
വളരെ നന്നായി . കൂടുതല്‍ അഭിപ്രായം പറയാന്‍ എനിക്കറിയില്ല..ആശംസകള്‍
മറുപടിഇല്ലാതാക്കൂവളരെ നന്നായി . കൂടുതല്‍ അഭിപ്രായം പറയാന്‍ എനിക്കറിയില്ല..ആശംസകള്‍
മറുപടിഇല്ലാതാക്കൂകഥയെന്ന നിലയില്‍ അവസാന ഭാഗം നന്നായി.
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങൾക്ക് ഒരുപാടു നന്ദി. നിങ്ങൾ നൽകുന്ന പ്രചോദനമാണ് എന്റെ ഊർജ്ജം
മറുപടിഇല്ലാതാക്കൂഅവസാനത്തെ രണ്ടുമൂന്ന് വാക്യങ്ങള്‍ ഒരു ലേഖനത്തിന്റെ ഭാഗം പോലെ തോന്നിപ്പിക്കുന്നു. അതിന്റെ ഘടനയും കൂടെ ഒന്ന് പരിഷ്കരിച്ചിരുന്നെങ്കില്‍ ഇനിയും ഭംഗിയായേനെ എന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂതുടക്കകാരിക്ക് വേണ്ട എല്ലാ മരുന്നും ഉണ്ട് ..ആശംസകള്‍
മറുപടിഇല്ലാതാക്കൂക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനല്ല കഥ.
ആശംസകള്‍
ഇനിയും വരാം
ഫോളോ ചെയ്യുവാനുള്ള ഗാഡ്ജെറ്റ് എവിടെ..?
മറുപടിഇല്ലാതാക്കൂഅജിത് ഏട്ടനാണ് താരം ..
മറുപടിഇല്ലാതാക്കൂ