രാവിലെ 'മാതൃഭൂമി'യിലൂടെ കണ്ണോടിച്ചപ്പോഴാണ് ആ വാർത്ത കണ്ണിൽപ്പെട്ടത്.
------ഗവൺമന്റ് യു.പി.സ്കൂളിൽ ഒരു ഇന്റർവ്യു. അതും....നാളെ. ബി..എഡ്.കഴിഞ്ഞതിന്റെ ഉത്സാഹമോ എന്തോ, പോകണമെന്നു തോന്നി. കിട്ടിയാൽ ആയല്ലോ !
പിറ്റേന്നാൾ രാവിലെ പുറപ്പെട്ടു. നിശ്ചയമില്ലാത്ത സ്ഥലമായതുകൊണ്ടും, ആദ്യത്തെ ഇന്റർവ്യു ആയതുകൊണ്ടും പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ മുൻപേ ഞാൻ ഹാജർ. എന്നേക്കൂടാതെ പന്ത്രണ്ടോളം പേരുണ്ടായിരുന്നു ഇന്റർവ്യുവിന്. പലരും പരിചയക്കാർ. ചിലർ അപരിചിതർ. അനുഭവങ്ങൾ ഉള്ള ആൾക്കാരോട്` ഞാൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ചിലപ്പോൾ ചോദ്യങ്ങൾ ചോദിച്ചേക്കാം. അവർ പറഞ്ഞു. ചോദിച്ചാലും ഇല്ലെങ്കിലും എനിക്കതു പ്രശ്നമേ അല്ലായിരുന്നു. കാരണം, എനിക്കെന്നിൽതന്നെയുള്ള വിശ്വാസമായിരുന്നു.
അകത്തു നിന്നു വന്ന ഒരാൾ എല്ലാവരിൽനിന്നും ബയോ-ഡാറ്റ ശേഖരിച്ചു. എന്റേത് ഏറ്റവും ഒടുവിലായിരുന്നു. എന്റെ ഊഴവുംകാത്ത് ക്യൂവിലിരിക്കവെ....പരിചയമുള്ള ഒരു ചേച്ചി സ്വകാര്യമായി പറഞ്ഞു. "ഒക്കെ വെറുതെയാ.. ഇവിടെ നേരത്തേ തന്നെ ഒരാളെ നിയമിച്ചുകഴിഞ്ഞു. ഒരു ഫ്രന്റ് ഇപ്പൊ വിളിച്ചു പറഞ്ഞതാ."
ചേച്ചിയുടെ സംസാരം എന്നെ തെല്ലൊന്ന് അമ്പരപ്പെടുത്തി. "അതെങ്ങിനെ ? കൂടിക്കാഴ്ച കഴിഞ്ഞിട്ടില്ലല്ലോ ?"
എന്റെ ആ ചോദ്യത്തിനുത്തരം ചേച്ചിയുടെ ചിരിയായിരുന്നു.
"നിനക്കെന്തറിയാം, പലസ്ഥലത്തുനിന്നും കരഞ്ഞുകൊണ്ട് ഞാൻ ഇറങ്ങിപ്പോന്നിട്ടുണ്ട്"
"എങ്കിൽപ്പിന്നെ എന്തിനീ ഇന്റർവ്യൂ ?"
ഞാൻ തെല്ലുറക്കെ ചോദിച്ചുപോയി.
"ഇതോ, ഇതൊരു പ്രഹസനം, ഏതായാലും വന്നില്ലേ. അറ്റന്റ് ചെയ്തിട്ടു പോകാം"
അവർ പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല. വിശ്വസിക്കാതിരിക്കാനും.
നുരഞ്ഞു പൊങ്ങുന്ന അമർഷം ഉള്ളിലടക്കി ഞാൻ എന്റെ ഊഴത്തിനായ് കാത്തു നിന്നു. അവർ പറഞ്ഞതുപോലെ ഒരു വ്യക്തിയെ മാറ്റി നിർത്തി എന്നെ ഉള്ളിലേക്ക് വിളിപ്പിച്ചു. സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിച്ചശേഷം. കണ്ടാൽ മാന്യമെന്നു തോന്നുന്ന ഒരു പുഞ്ചിരി നൽകിക്കൊണ്ട് അതിലൊരാൾ ചോദിച്ചു.
"പാർട്ട് ടൈം എന്നാണ് ഉള്ളതെങ്കിലും, സംഗതി ഫുൾടൈം ആണ്. പാർട്ട്‌ടൈമിന്റെ വേതനത്തിന് ഫുൾടൈം വരുവാൻ സാധിക്കുമോ....?"
എന്ത് മാന്യമായ ചോദ്യം ! ? അസത്യവും, അനീതിയും താടിവച്ച് ആ അദ്ധ്യാപകന്റെ രൂപത്തിൽ, മുന്നിൽ നിന്നാ ചോദ്യം ചോദിച്ചപ്പോൾ, ഷൗട്ട് ചെയ്ത് ഇറങ്ങിപ്പോരാനാണ് ആദ്യം തോന്നിയത്. പക്ഷെ, പിന്നീട് എന്നോട്‌തന്നെ പുഛവും സഹതാപവും തോന്നി.
"പറ്റില്ല സർ......"
എന്നു മാത്രം പറഞ്ഞ് ഞാൻ എഴുന്നേറ്റു പുറത്തിറങ്ങി. കാരണം കുറച്ചു സമയംകൂടി ഞാനവിടെ നിന്നിരുന്നെങ്കിൽ ആ നാടകത്തിന്റെ ക്ലൈമാക്സ് മറ്റൊന്നായേനെ......
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് എനിക്കു തോന്നുന്നില്ല. എന്നെപ്പോലുള്ള അനേകായിരം, ഉദ്യോഗാർത്ഥികൾ ഇവരെപ്പോലുള്ളവരെ വിശ്വസിച്ച് ഇത്തരം നാടകങ്ങൾക്കുമുന്നിൽ തളർന്ന മനസ്സുമായി മടങ്ങേണ്ടിവന്നിട്ടുണ്ടാകണം.
ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരുതരം വഞ്ചനയാണ്. ഇത്തരം നാടകങ്ങളിലൂടെ പത്രങ്ങളേയും, ജനങ്ങളേയും, സർക്കാറിനേയും ഇവർ എത്രയോതവണ പറ്റിച്ചിരിക്കുന്നു.?
ശുപാർശ്ശയും, കൈക്കൂലിയും എല്ലാമേഖലകളേയും കാർന്നുതിന്നുകൊണ്ടിരിക്കുന്നത് കണ്മുന്നിൽ കാണുമ്പോഴും പ്രതികരിക്കാൻ പറ്റാതിരിക്കുക എന്തൊരു നിസ്സഹായകമായ അവസ്ഥയാണത്. ഇനി അഥവാ ആരെങ്കിലും തുനിഞ്ഞാൽതന്നെ അവനെ ഒറ്റപ്പെടുത്താനല്ലേ സമൂഹം കൂടുതലും ശ്രമിക്കുക....?
എഴുത്ത് നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഖണ്ഡികയുടേ അലൈമെന്റ് ഒന്ന് ശരിയാക്കണം. വലത്തേക്കുനീക്കിത്തന്നെ തുടങ്ങുന്നതാകും നല്ലത്.
വായനയും, എഴുത്തും തുടരുക.
ആശംസകള്‍...പുലരി
ഇല്ലാതാക്കൂമാഷേ, ഞാൻ ബ്ലോഗിൽ ഇതാദ്യമാണ്. ഞാനിതൊക്കെ പഠിച്ചുവരുന്നതേയുള്ളൂ. ചൂണ്ടിക്കാട്ടിയ തെറ്റുകൾ അടുത്തുതന്നെ തിരുത്തുവാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ എല്ലാ ബ്ലോഗിലും താങ്കൾ എഴുതിയ അഭിപ്രായങ്ങൾ ഞാൻ വായിച്ചു. ഒരുപാടു നന്ദി. മറ്റു സുഹൃത്തുക്കളേക്കൂടി വിവരം അറിയിച്ചതിനും. നിങ്ങൾ നൽകുന്ന പ്രചോദനമാണ് എന്റെ ഊർജ്ജം
ഇത് സ്വാനുഭവമായിട്ടാ എനിക്ക് തോന്നിയത്. നന്നായി എഴുതി. ഭാവുകങ്ങൾ
മറുപടിഇല്ലാതാക്കൂഇത് കഥയല്ലല്ലോ, കാര്യമല്ലേ?
മറുപടിഇല്ലാതാക്കൂപൊതുവായ കാര്യങ്ങള്‍ക്ക് പ്രതികരിക്കാതെ സ്വന്തം കാര്യം വരുമ്പോള്‍ പ്രതികാരാഗ്നി പടരുന്നത് നമ്മുടെ മനുഷ്യരുടെ ഒരു സ്വഭാവസവിശേതയാണ്. പ്രതികരണങ്ങള്‍ നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്ക് അല്പം പ്രയാസം വരുത്തുന്ന രൂപത്തിലായാല്‍ ആ പ്രതികരണരീതിയെയും അതിനു നേതൃത്വം നല്‍കുന്നവരെയും കളിയാക്കി ആളാവാന്‍ ശ്രമിക്കുന്ന ഒരു സ്വഭാവം ഈയിടെ വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. ആരെയും ബുദ്ധിമുട്ടിക്കാതെ ഞാന്‍ എന്റെ കാര്യം നോക്കി നടക്കുന്നവനാണ് എന്ന് മേനി നടിക്കുന്നവര്‍ ഈ 'എന്റെ കാര്യ'ത്തിനു വിഘ്നം നേരിടുമ്പോള്‍ പ്രതികരിക്കുന്നതെക്കുറിച്ച് വാചാലമാകുന്ന രീതി കൊണ്ട് ഗുണം എന്തെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.
സമൂഹത്തിനു ദോഷമായ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനുള്ള ശേഷി ഇനിയും മനുഷ്യനില്‍ വളരേണ്ടിയിരിക്കുന്നു.
ഇത്തരം എഴുത്തുകളിലൂടെ അത്തരം പ്രതികരണങ്ങള്‍ ഉയരട്ടെ എന്നാശിക്കാം.
ഫോളോവര്‍ ഗഡ്ജറ്റ് ചേര്‍ത്താല്‍ പുതിയ പോസ്റ്റ് ഫോളോ ചെയ്യുന്നവര്‍ക്ക് അപ്പപ്പോള്‍ കാണാന്‍ കഴിയും.
നബിത ...ഇതു ശുപാര്‍ശയുടെ കാലമല്ലേ .... interview ഒക്കെ വെറുതെയാണ്
മറുപടിഇല്ലാതാക്കൂക്യാമ്പസ് ഇന്റര്‍വ്യൂ അതും ഇതു പോലെ ഒക്കെ തന്നെയാ ...വെറുതെ ..പറ്റിക്കാന്‍
പ്രിയപ്പെട്ട നബിത,
മറുപടിഇല്ലാതാക്കൂഇതൊരു പുതിയ പേരാണല്ലോ. ഭൂലോകത്തിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു.
നേരിന്റെ നേര്‍ക്കാഴ്ചകള്‍ പലപ്പോഴും സുഖകരമല്ല.
ബ്ലോഗ് ടെമ്പ്ലേറ്റ് വളരെ മനോഹരം. പുലരിയിലെ അമ്പല ദര്‍ശനം .....!
ഇനിയും എഴുതു............!ഇപ്പോള്‍ ജോലി കിട്ടിയോ?
സസ്നേഹം,
അനു
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. എനിക്ക് ഇന്റർവ്യു ഇല്ലാതെ തന്നെ ജോലികിട്ടി
മറുപടിഇല്ലാതാക്കൂനല്ല എഴുത്താണ്. പാരഗ്രാഫ് തിരിച്ചെഴുതിയാൽ വായനക്ക് സൌകര്യമായിരിക്കും.
മറുപടിഇല്ലാതാക്കൂ