പ്രിയ സന്ദീപ്.... നിന്റെ കൺകളിലെ
ധൈര്യത്തിന്റെ ജ്വാല
എന്നിടനെഞ്ചിലഗ്നിയായി പടരുന്നു.
നിന്റെ ഹൃത്തിലെ ത്യാഗം
എന്നെ അമ്പരപ്പിക്കുന്നു.
പെറ്റമ്മതൻ കീർത്തി വാനോളമുയർത്തിയ മകനേ!
നിന്നെ കൊതിക്കാത്ത അമ്മമാരുണ്ടോ ?
നിന്റെ ചിറകിൻ കീഴെ

നിന്നെ വാഴ്ത്താത്ത സോദരരുണ്ടോ?
നിന്നിലഭിമാനംകൊള്ളാത്ത
പിതാക്കന്മാരുണ്ടോ ?
നിന്നെ പ്രകീർത്തിക്കാത്ത
കുഞ്ഞിളം ചുണ്ടുകളുണ്ടോ ?
പ്രിയ സന്ദീപ്....നീ അറിയുന്നുവോ ?
ഞാൻ നിന്റെ കാമുകിയാണ്
എത്രയോ രാവുകളിൽ
എന്റെ സ്വപ്നമാന്തോപ്പിൽ വെച്ച്
നമ്മൾ സംവദിച്ചിരിക്കുന്നു
നിന്റെ വാക്കുകളിൽ മുഴുവനും
ഭാരതാംബയായിരുന്നുവെങ്കിൽ
എന്റെ വാക്കുകൾ മുഴുവനും
നിനക്കുവേണ്ടിയായിരുന്നു.
പ്രിയ സന്ദീപ്..... നീ അറിയുന്നുവോ ?
ഞാൻ നിന്നെ പ്രണയിക്കുന്നു...
ഞാൻ മരിക്കുവോളം
നിന്നെ ഇടനെഞ്ചിൽ സൂക്ഷിക്കുകയും
നിന്റെ ഗീതം വാനോളം പാടിനടക്കുകയും
നിന്നെ മാത്രം സ്നേഹിക്കുകയും ചെയ്യും
ഇതെന്റെ സഫലപ്രണയം....