2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

വർണ്ണമഴ


ഒരുനാൾ എന്റെ സ്വപ്നത്തിൽ
ദൈവദൂതൻ(?) പ്രത്യക്ഷപ്പെട്ടു
വരണ്ടുണങ്ങിയ എന്റെ ഗ്രാമത്തിൽ
മഴ പെയ്യിക്കാമെന്ന്‌ വാഗ്ദത്തം ചെയ്തു
പച്ചയും, ചുകപ്പും, വെള്ളയും
കാവിയും, മഞ്ഞയും ഇങ്ങനെ
പലവർണ്ണത്തിൽ മഴകളുണ്ടെന്നും
ഹിതമായത്‌ സ്വീകരിക്കാമെന്നും
അന്നദ്ദേഹം പറഞ്ഞു
പച്ച പണ്ടേയ്ക്കു പണ്ടേയെനിക്കിഷ്ടം
പച്ചയ്ക്കുവേണ്ടി ഞാൻ ശഠിച്ചു.
ചുകപ്പിനുവേണ്ടി സോദരനും,
മഞ്ഞയ്ക്കുവേണ്ടി അച്ഛനും,
കാവിക്കു വേണ്ടി അമ്മയും,
വെള്ളയ്ക്കുവേണ്ടി കൂട്ടുകാരനും
വാശിപിടിച്ചപ്പോൾ
ദൈവദൂതൻ(?) ചിരിക്കുകയായിരുന്നു
പ്രശ്നം ദൈവത്തിനുമുന്നിൽ
അവതരിപ്പിക്കപ്പെട്ടു.
അവരവർക്ക്‌ ഇഷ്ടമുള്ളത്‌ സ്വീകരിച്ചുകൊള്ളുവാൻ
ദൈവവിധിയും വന്നു.
ഓരോവർണ്ണത്തിനു പിന്നിലും
ആയിരങ്ങൾ അണിനിരന്നു
മഴവെള്ളം സ്വീകരിക്കാൻ
പാത്രങ്ങളും ജലാശയങ്ങളും
തികയാതെ വന്നപ്പോൾ
അപരന്റെ സ്ഥലങ്ങൾ കൈയ്യേറ്റം ചെയ്യപ്പെട്ടു
ഗ്രാമങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്ക്‌
നഗരങ്ങളിൽനിന്ന്‌ നഗരങ്ങളിലേക്ക്‌
ആഗോളതലത്തിൽത്തന്നെ
പ്രശ്നം ഭീകരമായി
ഞാനും എന്റെ കൂട്ടുകാരും നാടിനെ പച്ചയിലാഴ്ത്താൻ
ജലാശയങ്ങളിൽ പായൽ നിറച്ചു
നാടിനെ വെള്ളപുതപ്പിക്കാൻ
വെള്ളക്കാർ കുമ്മായം കലക്കി,
മണ്ണു മാന്തിക്കലക്കി കാവിക്കാരും,
രുധിരാബ്ധിയിലാഴ്ത്തി ചുകപ്പുകാരും,
മഞ്ഞപൂശി മഞ്ഞക്കാരും
മത്സരിച്ചുകൊണ്ടേയിരുന്നപ്പോൾ
നാടും, നഗരവും, മനുഷ്യരും
മൃഗങ്ങളും ഇല്ലാതായി.
എന്റെ നാടും നഗരവും മനുഷ്യരും
പലവർണ്ണമഴയിൽ മുങ്ങിത്താഴ്‌ന്നപ്പോൾ,
ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.
ഇത്തവണ ഞാൻ സ്വപ്നമൊന്നും കണ്ടില്ല
പിന്നെ ഒരിക്കലും ഉണർന്നതുമില്ല
ദൈവദൂതൻ(?) വീണ്ടും ചിരിച്ചുവോ?

6 അഭിപ്രായങ്ങൾ:


  1. കൈതപ്രം ദാമോദരൻ നമ്പൂതിരി മഴയുടെ പല ഭാവങ്ങളെയുംപറ്റി കവിത കുറിച്ചിട്ടുണ്ട്‌. എന്നാൽ മതമാത്സര്യം, ഭീകരവാദം എന്നിവ അനാവരണം ചെയ്യുന്ന ഈ കവിത അതിൽനിന്നും വേറിട്ടുനിൽക്കുന്നതായിത്തോന്നി. നബിതയിൽ ഞാൻ വ്യത്യസ്തയായ ഒരു എഴുത്തുകാരിയെ കാണുന്നു. എല്ലാ ആശീർവാദങ്ങളും.

    മറുപടിഇല്ലാതാക്കൂ
  2. പുതുമയുള്ള വീക്ഷണ,അര്‍ത്ഥ സമ്പുഷ്ടം.നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  3. ആശയം സ്പഷ്ടം
    ദൈവത്തെ പങ്കുവച്ചത് കൂടി എഴുതാമായിരുന്നു
    ആശംസകള്‍
    ഈ വിഷയത്തില്‍ എന്റെ ഒരു കഥയുടെ ലിങ്ക
    ഇവിടെ അമര്‍ത്തി വായിക്കാം

    മറുപടിഇല്ലാതാക്കൂ
  4. Kada njan vayichu.mreegeeyada polum nanichu..nilavine panku vachu..asayam chindarham tanne mashe..

    മറുപടിഇല്ലാതാക്കൂ