2012 ഒക്‌ടോബർ 28, ഞായറാഴ്‌ച
2012 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച
ഇര
ഇരയാണു ഞാൻ
ഈ കേൾക്കുന്ന സിംഹനാദത്തിന്റെ
നാളത്തെ ഇര
ഊരും, പേരുമറിയില്ല
ഉറ്റ ബന്ധുക്കളുമില്ല
ഇരയായ് ജനിച്ചവൾ ഞാൻ
ഇരയായ് മരിക്കണം
ഇന്നാരോ പറഞ്ഞു
"ഇവൾ സിംഹത്തിന്റെ
നാളത്തെ ഇര"
ഇന്നേവരേക്കും സിംഹത്തെ
കണ്ടവളല്ലീ ഞാൻ
കറുപ്പോ, വെളുപ്പോ?
അവന്റെ നിറമറിയില്ല
ശബ്ദം മാത്രം കേൾക്കാം
ചിലപ്പോൾ ഭയാനകം....
ചിലപ്പോൾ ശാന്തം....
നാളെ അവനെന്നെ
കൊന്നു തിന്നുമ്പോൾ
വേദനിക്കുമോ...?
ഇന്നലെ ഞാനൊരു
ദീന രോദനം കേട്ടു
ആരോ പറഞ്ഞു
അതൊരിരയുടെ
നിലവിളിയാണെന്ന്
ഇരകൾ..... ! കരയുമോ...?
ചിരിക്കുമോ...? സ്വപ്നം കാണുമോ...?
ഞാൻ....സിംഹത്തിന്റെ
നാളത്തെ ഇര
ചിരിക്കാറില്ല, കരയാറില്ല
നാളെ അവനെന്നെ
കൊന്നു തിന്നുമ്പോൾ
ഒരു വനരോദനം
എന്നിൽനിന്നുമുയർന്നേക്കാം
വിഫലം, നിഷ്പ്രഭം
ഇര...., കരയരുത്.., ചിരിക്കരുത്,
സ്വപ്നം കാണരുത്
ഞാനൊന്നുറങ്ങട്ടെ
ഒരു സ്വപ്നമെങ്കിലും കാണട്ടെ
നാളെ ഇരയായുണരുന്നതിന്മുൻപെ........
2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച
ഗുരുസന്നിധിയിൽ
കണ്ടു ഞാനാദ്യമായിട്ടിന്നും
മറ്റെവിടെയും കാണ്മാൻ
സാധിച്ചീടാത്തൊരാത്മ- സാക്ഷാത്കാരത്തിൻ
അനിർവ്വചനീയാദ്ഭുത ദിവ്യസംഗമം
കണ്ടു ഞാനാ കൺകളിൽ
ജ്വലിച്ചാത്മനിർവൃതി
തേടുമരുണദേവനെ
കണ്ടു ഞാനാ നെറ്റിത്തടത്തിൽ
ജഗന്നാഥന്റെ ചെന്താമരക്കൈകൾ
കണ്ടു ഞാനാ ശിരസ്സിൽ പണ്ടു-
വാമനമൂർത്തി നൽകിയൊരടയാള മുദ്ര
കണ്ടു ഞാനാ ചുണ്ടിൽ
വിറയാർന്ന തെങ്കിലും
രാഗാർദ്ദ്രമാം.....
നാരായണസ്തുതി....
കണ്ടു ഞാനാഹൃദയത്തിൽ
ഈരേഴുലോകവും...
പിന്നെയീ, എന്നെയും....
ആ പാദാംശുക്കൾ നമിച്ചു
ഞാനുയരവേ
ഏതോ ആത്മതേജസ്സിന്റെ
ഭഗീരഥഗംഗയിൽ മുങ്ങിയവളെന്നപോൽ
ശുദ്ധയായി.....
അറിയാതെ ഞാനന്നോളവും ചെയ്ത
പാപങ്ങളൊക്കവെ, പുണ്യമായി
ആ പുണ്യാത്മാവിൻ,
തൃപ്പാദത്തിൽ ഞാനന്ന്
ഒരു ധൂളിയായ് അലിഞ്ഞുചേർന്നു
2012 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച
നിദ്ര
ഞാൻ കാണുമ്പോഴെല്ലാം
അവൻ ഉറക്കത്തിലായിരുന്നു
അവന്റെ പൊട്ടിച്ചിരികളും,
മണിമുത്തു മൊഴികളും,കുസൃതിയും,
വാശിയും, പരിഭവവും,
പിന്നെയൊരേങ്ങിക്കരച്ചിലും,
ഞാൻ കണ്ടതേയില്ല
ഞാൻ കാണുമ്പോഴെല്ലാം
അവനുറക്കത്തിലായിരുന്നുവല്ലോ ?
ഒരു ഭാണ്ഡം നിറയെ കളിപ്പാട്ടങ്ങളും,
മറു ഭാണ്ഡം നിറയെ പലഹാരങ്ങളും,
മനം നിറയെ കഥകളുമായി
ഞാൻ വീടണയുമ്പോഴേക്കും
അവനുറക്കത്തിലായിരിക്കും....
ഇരുളിന്റെ അന്ത്യയാമത്തിൽഎപ്പൊഴോ
കടന്നുവരാറുള്ള എന്നെയും കാത്ത്
അവൾ മാത്രം...
രാ വെളുക്കുവോളം, അവളവന്റെ
കഥകളെന്റെ ചെവിയിലോതും.....
അതു കേട്ടൊരു നൂറായിരം
ചുംബനങ്ങളാലവനെ ഞാൻ പുൽകും...
എന്റെ കരവലയത്തിനുള്ളിൽഎപ്പൊഴോ
അവൻ പുഞ്ചിരിച്ചുവോ ? കരഞ്ഞുവോ ?
ഇല്ല..., അവൻ ഉറങ്ങുകയായിരുന്നു.
അവസാനമായി ഞാനവനെ കണ്ടപ്പോഴും
അവനുറങ്ങുകയായിരുന്നു.
ഇനിയൊരിക്കലും അവൻ
ഉണരുകയില്ലെന്നു പറഞ്ഞ
അവളോടൊപ്പം ഞാനുറങ്ങാൻ കിടന്നു....
ഇനിയൊരു പ്രഭാതത്തിനും
സാക്ഷിയാകില്ലെന്ന പ്രതിജ്ഞയോടെ
2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച
2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച
ഇവൾ.........മഴ
വിഫല ജന്മത്തിനേകസാക്ഷി
കരഞ്ഞുകൊണ്ടുഞാൻ.. പിറന്നുവീണു
ഭയന്നുകൊണ്ടു ഞാൻ കൺതുറന്നു...
അപ്പോൾ പുഞ്ചിരിക്കും അമ്മതൻ
കണ്ണുനീരിനും...സാക്ഷി
ഇവളായിരുന്നു...ഇവൾമാത്രമായിരുന്നു.
**************************
ഒരുപാടുജന്മമായ് ജാലകത്തിൻ കീഴെ
കൈകാൽകളടിച്ചു ഞാൻ കരയവെ
എന്നെയാശ്വസിപ്പിക്കുവാൻ
ആനന്ദത്തിന്റെ ചാറ്റൽമഴയായ്
കടന്നുവന്നവൾ...ഇവൾ
ഇവളെന്റെ കളിക്കൂട്ടുകാരി
***************************
ആദ്യമായ്..അമ്മയെന്നുവിളിച്ചപ്പോൾ
കെട്ടിപ്പുണർന്നൊരു നൂറായിരം
നറുമുത്തമെൻ നെറ്റിയിലർപ്പിച്ചവൾ
ഇവൾ...ഇവളെനിക്കു മാതൃരൂപിണി
*******************************
ഞാൻ പിച്ചവെച്ചുതുടങ്ങിയപ്പോൾ
കാലിടറാതെ... കരംഗ്രഹിച്ചെന്റെ
കൂടെ നടന്നവൾ....ഇവൾ
ഇവളന്നെൻ വാത്സല്യനിധിയാം താതൻ
*****************************
ആത്മവിദ്യാലയാങ്കണത്തിലേക്ക്
ആദ്യമായ്...കൈ പിടിച്ചാനയിച്ചവൾ
ഇവൾ....ഇവളെനിക്കാദ്യ ഗുരുനാഥ
********************************
യൗവ്വനാരംഭത്തിൽ...ഒരു
പ്രണയത്തിൻ മുന്നിൽ
പകച്ചു ഞാൻ നിന്നപ്പോൾ...
എന്നിലെ,യെന്നെയുണർത്തിയവൾ...
ഇവൾ...ഇവളെന്റെയാദ്യ പ്രണയിനി.
*******************************
ഒരു പ്രണയ പരാജയത്തിൽ
മനംനൊന്താത്മഹത്യതൻ വക്കിൽ..
ഞാൻ നിന്നപ്പോൾ
ജീവിതത്തിനർത്ഥം പറഞ്ഞുതന്നവൾ
ഇവൾ....ഇവളെന്റെ ധർമപത്നി.
*****************************
ജീവിത പ്രാരബ്ധത്തിൽപ്പെട്ടു ഞാൻ...
നട്ടം തിരിഞ്ഞപ്പോൾ..വീണ്ടും
ഒരു കുഞ്ഞു പുഞ്ചിരിയായ്
കടന്നുവന്നവൾ...
ഇവൾ...ഇവളെന്റെ പൊന്നോമന.
*******************************
ഇന്ന് ഈ വാർദ്ധക്യശയ്യയിൽ...
സാന്ത്വനത്തിന്റെ പൊൻതലോടലായ്
ഇതാ.. വീണ്ടും ഇവൾ....?
ഇവിടെ....ഇവിടെ ഞാനിവളെ
ഏതു പേരിനാൽ അനാഛാദനം ചെയ്കവേണ്ടൂ...?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)



