2014, ഒക്‌ടോബർ 15, ബുധനാഴ്‌ച

ഒരു പൊൻപ്രഭാതം ഹാ! കാത്തുനില്പ്പൂപകലാകുമംഗന പോയിമറഞ്ഞെന്നോ ?
പകലോനെനിക്കിന്നു തുണയില്ലെന്നോ ?
സന്ധ്യ നീ വന്നുവോ..., സാന്ത്വനംതന്നുവോ ?
സായന്തനത്തിന്റെ പടിവാതിലിൽ...
നന്മതന്നക്ഷരം നാക്കിൽ കുറിച്ചൊരെ-
ന്നമ്മതൻ വാത്സല്യശോഭയോടെ
വന്നുനില്പ്പുണ്ടു നീ, വൃദ്ധനാമെന്നുടെ
ഊന്നുവടിക്കൊരു താങ്ങുമായി....

“ഇനിയുണ്ട്‌ കാതങ്ങളേറെയെന്നാകിലും,
ഈയിരുൾപ്പാതയിൽ നീ തനിച്ചും...
കുഞ്ഞേ ഭയം വേണ്ട,  നന്മകൾ തുണയായി
വരുമോരോ വഴിയിലും വെട്ടമേകാൻ
ഇടറി നീ വീഴ്കിലോ നിൻ പുണ്യകർമ്മങ്ങൾ
മറുകൈതൻ താങ്ങുമായ് വന്നുചേരും
ഒട്ടുമേ ധൃതി വേണ്ട, പതിയെ നടക്കുക
ഉണ്ടൊരു പകലങ്ങു ദൂരെയായി
ഈ ഇരുൾക്കാട്ടിൽ നിൻ പൂർവ്വമാം കർമ്മങ്ങൾ
പാപപുണ്യങ്ങളായ് പിൻ തുടരും
പാപമോ മുള്ളായി പാതയിൽ വീഴുമ്പോൾ
പുണ്യമാ പാദത്തിൻ രക്ഷയാകും
പതിയെ നടക്കുമ്പോൾ പലതും മനസ്സിലായ്
പതിവുപോൽ മിന്നിമറഞ്ഞുപോകും.....
പല രൂപം, പല നിറം, പലതുണ്ട്‌ കാര്യങ്ങൾ
പലകുറി പിന്നോട്ട്‌ നോക്കുവാനായ്
എങ്കിലും കുഞ്ഞേ നീ മുന്നോട്ട്‌ പോകുക,
സങ്കടം വേണ്ട, കരഞ്ഞിടേണ്ട
കൂടെയുണ്ടായവർ, കൂട്ടായ് നടന്നവർ
എല്ലാം മനസ്സിന്റെ തോന്നൽ മാത്രം...
ഈ ഇരുൾക്കാട്ടിലൂടേകനായ് പോകണം
വിട ചൊല്ലിടട്ടേ ഞാൻ, സമയമായി.....
ഓർക്കുക കുഞ്ഞേ നീ, ഈക്കാട്ടിന്നപ്പുറം
ഒരു പൊൻപ്രഭാതം ഹാ ! കാത്തുനില്പ്പൂ.....“4 അഭിപ്രായങ്ങൾ:

 1. നന്മകള്‍ , പുണ്യകര്‍മ്മങ്ങള്‍ ഒക്കെ ഇനിയും താങ്ങാകട്ടെ....!

  മറുപടിഇല്ലാതാക്കൂ
 2. വരികളിലെ ഈണം, പ്രാസം...!

  അഭിനന്ദനങ്ങൾ. 

  മറുപടിഇല്ലാതാക്കൂ
 3. "പലകുറി പിന്നോട്ട്‌ നോക്കുവാനായ്
  എങ്കിലും കുഞ്ഞേ നീ മുന്നോട്ട്‌ പോകുക,
  സങ്കടം വേണ്ട, കരഞ്ഞിടേണ്ട
  കൂടെയുണ്ടായവർ, കൂട്ടായ് നടന്നവർ
  എല്ലാം മനസ്സിന്റെ തോന്നൽ മാത്രം.."

  നല്ല വരികൾ ...!

  ( ഈ കിളിക്കൂടിനു നല്ല ഭംഗിയുണ്ട് ട്ടോ... )

  മറുപടിഇല്ലാതാക്കൂ