2014, ഡിസംബർ 28, ഞായറാഴ്‌ച

ഇന്നിന്റെ പാട്ട്



കേൾപ്പുണ്ടോ പഥികരേ, അങ്ങങ്ങ് ദൂരെയായ്
കാടിന്റെ പാട്ട്..... ആ കാടർതൻ പാട്ട്.
എന്തേ പാടുന്നു കാട്ടുമക്കൾ
അവരെന്തേ കേഴുന്നു നമ്മളോടായ് ?
അന്നമില്ലെന്നോ, വെള്ളമില്ലെന്നോ,
വസ്ത്രമില്ലെന്നോ, കുടിലില്ലയെന്നോ..
ഇനി, കുടിയേറിപ്പാർക്കുവാൻ ഇടമില്ലയെന്നോ..
എന്തേ പാടുന്നു കാട്ടുമക്കൾ
എന്തേ കേഴുന്നു നമ്മളോടായ്...
ആരാണ്‌ കൂട്ടരേ കാട്ടിന്റെ മക്കൾ
പണ്ടടവി അയോദ്ധ്യയായ്‌ കണ്ടവരോ,
കാടിനെ അമ്മയായ് കാത്തവരോ,
മാനുകൾ പക്ഷികൾ സിംഹങ്ങളെല്ലാം
ഒരമ്മതൻ മക്കളായ് ചൊന്നവരോ ?
ആരാണ്‌ കൂട്ടരേ കാടിന്റെ മക്കൾ
കാർമുകിൽനീരിനെ കാടിന്റെ ഉറവയെ
ഹൃത്തിന്റെ രക്തമായ് കാത്തവരോ
ചന്ദനം,ആല്‌,പേരാല്‌, തേക്കാകിലും,
ഈട്ടി തുടങ്ങിയ വൃക്ഷങ്ങളാകിലും
മരമൊരു വരമെന്നുറക്കവെ ചൊല്ലി
നെഞ്ചോട് ചേർത്തവർ കാടിന്റെ മക്കൾ
അന്നമില്ലെങ്കിലും വസ്ത്രമില്ലെങ്കിലും
പാർപ്പിടം ഭൂമിയതൊന്നുമില്ലെങ്കിലും
കാടിനെ കാടായി മാറ്റുവാൻ കാട്ടിലായ്
കൂര പണിതവർ.....
മണ്ണിനെ മണ്ണായി നിർത്തുവാൻ
മണ്ണിലിറങ്ങി പണിതവർ.....
കാടിനെ മണ്ണിനെ കുന്നിനെ പിന്നെ
കാട്ടുപുൽത്തകിടിയെ ജീവനായ് കാത്തവർ...
കൂട്ടരേ, ഇവരാണ്‌ കാടിന്റെ മക്കൾ
ഇവരാണ്‌ കാടിന്നവകാശികൾ...
ഉണ്ണാനുറങ്ങാൻ കൃഷിചെയ്യാനിന്നിതാ
നമ്മൾതൻ മുന്നിലായ് കാത്തുനില്പ്പൂ
എന്തിന്റെ പേരിൽ നാം നീതി നിഷേധിപ്പൂ
എന്തിന്റെ പേരിൽ നാമിവരെ പഴിപ്പൂ ?
മഴയത്തു നിർത്തി നാം, വെയിലത്തു നിർത്തി നാം
പട്ടിണിക്കിട്ടു നാം പരിഹസിച്ചു
അടിമകളല്ലിയീ കാടിന്റെ മക്കൾ
ബധിരരേ നിങ്ങൾ തിരിച്ചറിയൂ...
സ്വന്തമസ്തിത്വവുമൊരുപിടി മണ്ണും
അതിനുമവകാശമില്ലയെന്നോ
ഇവരില്ലെയെങ്കിൽ വനം നശിക്കും
ഇന്നിവരില്ലയെങ്കിൽ മഴ മുടങ്ങും
പഥികരേ.... കേൾക്കണം....
ഇങ്ങിങ്ങടുത്തായ് കാടിന്റെ പാട്ട്
ഈ നാടിന്റെ പാട്ട്.
ഇവരെ മനുഷ്യരായ് കണ്ടീടുക
കരുണതൻ വാതിൽ തുറന്നീടുക
അടിമകളല്ലിവർ കാടിന്റെയുടമകൾ
കാവലായ് നമ്മളും നിന്നീടുക....
പഥികരേ കേൾക്കുക...
ഇങ്ങിങ്ങടുത്തായ്,
ഇന്നിന്റെ പാട്ട്....
നാളെയുടെ പാട്ട്...
നമ്മൾതൻ പാട്ട്....
നന്മതൻ പാട്ട്....

2 അഭിപ്രായങ്ങൾ:

  1. പഥികരേ കേൾക്കുക...
    ഇങ്ങിങ്ങടുത്തായ്,
    ഇന്നിന്റെ പാട്ട്....
    നാളെയുടെ പാട്ട്...
    നമ്മൾതൻ പാട്ട്....
    നന്മതൻ പാട്ട്....

    മറുപടിഇല്ലാതാക്കൂ
  2. നന്മയുടെ പാട്ട് നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ